ദുബായ് വിമാനത്താവളങ്ങളിൽ (DXB) താമസിയാതെ യാത്രക്കാർക്ക് സുരക്ഷാ പരിശോധനകളിൽ അവരുടെ ക്യാരി-ഓൺ ബാഗുകളിൽ നിന്ന് ബോട്ടിലുകളും ഇലക്ട്രോണിക് ഉപകരണങ്ങളും പുറത്തെടുക്കാതെ തന്നെ സ്കാനിങ്ങിന് അയക്കുന്ന സംവിധാനം നടപ്പിലാക്കുമെന്ന് അധികൃതർ അറിയിച്ചു.
ഒരു സ്മാർട്ട് സ്കാനിംഗ് സിസ്റ്റം ഇലക്ട്രോണിക് ഉപകരണങ്ങൾ ബാഗുകളിൽ നിന്ന് പുറത്തെടുക്കേണ്ട ആവശ്യകത ഇല്ലാതാക്കുകയാണ് ചെയ്യുന്നത്. ഉപകരണങ്ങൾ ബാഗോടുകൂടി തന്നെ സ്മാർട്ട് സിസ്റ്റം സ്വയം സ്കാനിംഗ് ചെയ്യും.
ദുബായിൽ ഇന്ന് ബുധനാഴ്ച സമാപിച്ച ദ്വിദിന നയനിർമ്മാണത്തിനായുള്ള അന്താരാഷ്ട്ര സമ്മേളനം, തുറമുഖങ്ങളുടെ ഭാവി’ സമ്മേളനത്തിലാണ് ഇക്കാര്യം അധികൃതർ പ്രഖ്യാപിച്ചത്.
ഇതിനായുള്ള സ്‌മാർട്ട് സ്‌കാനിംഗ് സംവിധാനം വികസിപ്പിച്ചുകൊണ്ടിരിക്കുകയാണെന്ന് ടെക്‌നോളജി സേവന കമ്പനിയായ എമാരാടെക് (emaratech) വെളിപ്പെടുത്തി. സാങ്കേതികവിദ്യയ്‌ക്കുള്ള സർട്ടിഫിക്കേഷൻ ലഭിക്കാൻ കമ്പനി കാത്തിരിക്കുകയാണ്, ഈ വർഷം അവസാനമോ അടുത്ത വർഷം ആദ്യമോ ഇത് പുറത്തിറക്കിയേക്കും.
ക്യാരി ഓൺ ബാഗുകൾ ഒരു സ്മാർട്ട് ട്രോളിയിൽ സ്ഥാപിച്ചശേഷം സ്മാർട്ട് ട്രോളി ഒരു സ്മാർട്ട് എക്സ്-റേ സ്കാനറിലൂടെ കടന്നുപോകും, തുടർന്ന് സ്കാനർ ബാഗുകൾക്കുള്ളിലെ സാധനങ്ങൾ കണ്ടെത്തി വിശകലനം ചെയ്യുകയും അവയെ കളർ-കോഡ് ചെയ്യുകയും ചെയ്യും. പച്ച സിഗ്‌നൽ എന്നാൽ സാധനം സുരക്ഷിതമായി കണക്കാക്കും. അനുവദനീയമായ എല്ലാ കുപ്പികളും ദ്രാവകങ്ങളും ഇലക്ട്രോണിക് ഉപകരണങ്ങളും സുരക്ഷാ ഉദ്യോഗസ്ഥർക്കായി ഡിസ്പ്ലേയിൽ പച്ചയായി ദൃശ്യമാകും. ചുവപ്പ് നിറത്തിൽ കാണപ്പെടുന്ന ഇനങ്ങൾ കൂടുതൽ പരിശോധിക്കും. പിന്നീട് സ്കാനറിലൂടെ കടന്നുപോയ ശേഷം യാത്രക്കാരൻ ട്രോളിയിലെ സാധനങ്ങൾ ശേഖരിക്കണം