പൂർണ്ണ ഓട്ടോമേറ്റഡ് സെൽഫ് ഡ്രൈവിംഗ് ടാക്‌സികൾ അടുത്ത മാസം ദുബായിലെ സ്ട്രീറ്റുകളിൽ ഓടുമെന്ന് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റിയിലെ ഡയറക്ടർ ഓഫ് ട്രാൻസ്‌പോർട്ടേഷൻ സിസ്റ്റംസ് ഖാലിദ് അൽ അവാദി അറിയിച്ചു. മൂന്നാമത് ദുബായ് വേൾഡ് കോൺഗ്രസ് ഫോർ സെൽഫ് ഡ്രൈവിംഗ് ട്രാൻസ്‌പോർട്ടിന്റെ ഭാഗമായി സംസാരിച്ചപ്പോഴാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.
ജുമൈറ 1 ഏരിയയുടെ വിജയകരമായ ഡിജിറ്റൽ മാപ്പിംഗിനെ തുടർന്നാണ് അടുത്ത മാസം മുതൽ ഡ്രൈവറില്ലാത്ത ടാക്‌സികൾ ദുബായ് നിരത്തുകളിൽ ഇറക്കാൻ തീരുമാനിച്ചിരിക്കുന്നത്. എത്തിഹാദ് മ്യൂസിയത്തിനും ദുബായ് വാട്ടർ കനാലിനും ഇടയിലുള്ള ജുമൈറ റോഡിന്റെ 8 കിലോമീറ്റർ ഓടാൻ മൊത്തം അഞ്ച് ഡ്രൈവറില്ലാ ടാക്സികളാണ് ആദ്യഘട്ടത്തിൽ ഇറക്കുക.
ജനറൽ മോട്ടോഴ്‌സിന്റെ (GM) ഉപസ്ഥാപനമായ യുഎസ് ആസ്ഥാനമായുള്ള സെൽഫ് ഡ്രൈവിംഗ് ടെക്‌നോളജി കമ്പനിയായ ക്രൂസ് ( Cruise ) നടത്തുന്ന ഡ്രൈവറില്ലാത്ത ടാക്‌സികൾ പരീക്ഷണ ഘട്ടത്തിൽ ഇതുവരെ മനുഷ്യ യാത്രക്കാരെ കൊണ്ടുപോയിട്ടില്ല. എന്നാൽ തിരഞ്ഞെടുത്ത ചില വ്യക്തികൾക്ക് ഈ വർഷം അവസാനത്തോടെ ക്രൂയിസ് ടാക്‌സികൾ എടുക്കാൻ കഴിയുമെന്നും 2024 രണ്ടാം പകുതിയോടെ ഇതിന്റെ പൂർണ്ണ വാണിജ്യ പ്രവർത്തനങ്ങൾ ആരംഭിക്കുമെന്നും ഖാലിദ് അൽ അവാദി പറഞ്ഞു.
2023-ഓടെ ഡ്രൈവറില്ലാ ടാക്സി, ഇ-ഹെയിൽ സേവനങ്ങൾ എന്നിവയുടെ സമ്പൂർണ്ണ പ്രവർത്തനം ആരംഭിക്കുന്നതോടെ യുഎസിനു പുറത്ത് ക്രൂയിസ് ഡ്രൈവറില്ലാത്ത ടാക്‌സികൾ വാണിജ്യാടിസ്ഥാനത്തിൽ പ്രവർത്തിപ്പിക്കുന്ന ലോകത്തിലെ ആദ്യത്തെ നഗരമായി ദുബായ് മാറും.