അനധികൃത മസാജ് സേവനങ്ങൾ വാഗ്ദാനം ചെയ്യുകയും സ്ത്രീകളെ ബ്ലാക്ക് മെയിൽ ചെയ്യുകയും ചെയ്ത പ്രതിയെ ഷാർജ പോലീസ് അറസ്റ്റ് ചെയ്തു.
ഉപഭോക്താക്കളെ ആകർഷിക്കുന്നതിനായി സോഷ്യൽ മീഡിയ വഴി 100 ദിർഹം വരെ കുറഞ്ഞ തുകയ്ക്കാണ് 40 വയസുള്ള അറബ് പ്രതി സേവനങ്ങൾ പ്രമോട്ട് ചെയ്തിരുന്നത്. സ്നാപ്ചാറ്റ് ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയ ചാനലുകൾ വഴിയാണ് ഇയാൾ നിയമവിരുദ്ധമായ സേവനം പ്രചരിപ്പിച്ചിരുന്നത്.
മസാജിനിടെ സ്ത്രീകളുടെ തെറ്റായ രീതിയിലുളള ഫോട്ടോകളും വീഡിയോകളും ഇയാൾ എടുക്കുകയും പണം ആവശ്യപ്പെട്ട് ബ്ലാക്ക് മെയിൽ ചെയ്യുകയും ചെയ്യും. റിപ്പോർട്ട് ലഭിച്ചയുടൻ ഒരു പോലീസ് സംഘം സൂചിപ്പിച്ച സ്ഥലത്ത് റെയ്ഡ് ചെയ്യുകയും ഇയാളെ കൈയോടെ പിടികൂടുകയും ചെയ്തു. ഇയാൾ കുറ്റം സമ്മതിക്കുകയും ചെയ്തു.
നിയമവിരുദ്ധമായ മസാജ് സേവനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന് കുറ്റവാളികൾ വിവിധ രീതികൾ അവലംബിക്കുന്നുണ്ടെന്ന് പോലീസ് പറഞ്ഞു. തെരുവുകളിൽ വിസിറ്റിംഗ് കാർഡുകൾ വിതരണം ചെയ്യുകയും വ്യാജ സോഷ്യൽ മീഡിയയിലൂടെ സേവനം പ്രചരിപ്പിക്കുകയും ചെയ്യും. ഇതിൽ ഒട്ടും സംശയിക്കാത്തവർ ചതി മനസിലാക്കാതെ ഇവർ പ്രചരിപ്പിച്ച ലൊക്കേഷനിലേക്ക് എത്തുമ്പോൾ കുറ്റവാളികൾ അവരുടെ ഫോട്ടോകളോ വീഡിയോകളോ എടുത്ത് പണത്തിനായി ബ്ലാക്ക് മെയിൽ ചെയ്യുകയാണെന്ന് ഷാർജ പോലീസ് പറഞ്ഞു.