യുഎഇ പൗരന്മാർക്കും താമസക്കാർക്കും അവരുടെ ബയോമെട്രിക്‌സ് സമർപ്പിക്കുന്നതിനും പാസ്‌പോർട്ട് പുതുക്കുന്നതിനും എമിറേറ്റ്‌സ് ഐഡികൾ 24 മണിക്കൂറും പ്രോസസ്സ് ചെയ്യുന്നതിനുമുള്ള സൗകര്യം സമീപഭാവിയിൽ ലഭ്യമാക്കാനുള്ള ഒരു മാതൃകാ പദ്ധതി ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ICP) ഇന്ന് ദുബായിൽ ആരംഭിച്ച ലോകത്തിലെ ഏറ്റവും വലിയ ടെക്‌നോളജി ആൻഡ് സ്റ്റാർട്ടപ്പ് എക്‌സിബിഷനായ ജൈറ്റക്സ് ഗ്ലോബലിൽ അവതരിപ്പിച്ചു,
ഈ പദ്ധതിയിൽ വരുന്ന കിയോസ്‌കുകളിലൂടെ യുഎഇ പൗരന്മാർക്കും പ്രവാസികൾക്കും അവരുടെ പാസ്‌പോർട്ടുകളും എമിറേറ്റ്സ് ഐഡികളും തൽക്ഷണം പുതുക്കാൻ അനുവദിക്കും. പദ്ധതിയുടെ വിജയത്തിന് ശേഷം, ഈ കിയോസ്‌കുകൾ രാജ്യത്തുടനീളമുള്ള വിമാനത്താവളങ്ങളും മാളുകളും പോലുള്ള പ്രധാന സ്ഥലങ്ങളിൽ സ്ഥാപിക്കും. ദുബായ് വേൾഡ് ട്രേഡ് സെന്ററിലെ ജൈറ്റക്സ് ഗ്ലോബലിൽ സന്ദർശകർക്ക് ഇതിനെപറ്റി കൂടുതൽ അറിയാനായി ഒരു കിയോസ്‌കും പ്രദർശിപ്പിച്ചിട്ടുണ്ട്.
ആദ്യ ഘട്ടത്തിൽ, യുഎഇ നിവാസികൾക്കും സന്ദർശകർക്കും അവരുടെ ബയോമെട്രിക്‌സ് കിയോസ്‌കുകൾ വഴി മാത്രമേ സമർപ്പിക്കാൻ കഴിയൂ, ഈ സേവനങ്ങൾ 24/7 ൽ ലഭ്യമാകുമെന്നതിനാൽ ഐസിപി സേവന കേന്ദ്രങ്ങളിൽ ബയോമെട്രിക്‌സ് സമർപ്പിക്കുന്നതിനുള്ള അപ്പോയിന്റ്‌മെന്റ് നേടേണ്ടതിന്റെ ആവശ്യകത ഇല്ലാതാക്കും.
പ്രധാനമായി, കിയോസ്കുമായി ബന്ധിപ്പിച്ചിരിക്കുന്ന ഒരു പ്രിന്ററും ഉണ്ടായിരിക്കും, ഇത് എമിറേറ്റ്സ് ഐഡികളും വിസകളും സ്ഥലത്തുതന്നെ പ്രിന്റ് ചെയ്യാൻ അനുവദിക്കും. യുഎഇ പൗരന്മാർക്കുള്ള പാസ്‌പോർട്ടുകളും സന്ദർശകർക്കുള്ള വിസകളും പ്രിന്റ് ചെയ്യാനും കിയോസ്‌കിന് കഴിയും.
വിദേശ സന്ദർശകർക്ക് സിം കാർഡുകൾ ലഭിക്കുന്നതിന് ബയോമെട്രിക്‌സ് സമർപ്പിക്കാനും കിയോസ്‌കുകൾ ഉപയോഗിക്കാം. വിരലടയാളങ്ങളും ഒപ്പുകളും പകർത്താനും ഫോട്ടോയെടുക്കാനും യന്ത്രത്തിന് കഴിയും. നിലവിൽ യുഎഇ ഫെഡറൽ അതോറിറ്റി ഈ പ്രോജക്റ്റിൽ പ്രവർത്തിക്കുകയാണ്. 2023-ലോ 2024-ലോ ട്രയലുകൾ വിജയകരമായി പൂർത്തിയാക്കിയാൽ യുഎഇയിൽ പൂർണമായും ഇത് നടപ്പിലാക്കും.