ഷാർജയിൽ ഇന്നലെ അൽ ദൈദ് റോഡിലുണ്ടായ വാഹനാപകടത്തിൽ 12 വയസ്സുള്ള എമിറാത്തി ബാലൻ മരിച്ചതായി പോലീസ് അറിയിച്ചു. ഷാർജ എമിറേറ്റിലെ സെൻട്രൽ റീജിയണിൽ വച്ചായിരുന്നു അപകടം.കനത്ത മഴയ്ക്കിടെ ഉണ്ടായ അപകടത്തിൽ ഡ്രൈവർക്ക് നിസാര പരിക്കേറ്റിട്ടുണ്ട്.
ഡ്രൈവർ വെള്ളക്കെട്ട് ഒഴിവാക്കാൻ ശ്രമിച്ചപ്പോൾ വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും പിന്നീട് പലതവണ മറിയുകയും ചെയ്തതായി ഷാർജ പോലീസ് പറഞ്ഞു.അപകടത്തിന്റെ ശക്തിയിൽ 12 വയസ്സുള്ള കുട്ടി വാഹനത്തിൽ നിന്ന് പുറത്തേക്ക് തെറിച്ചു വീഴുകയായിരുന്നു.
പോലീസും ആംബുലൻസും സംഭവസ്ഥലത്തെത്തി കുട്ടിയെ അൽ ദൈദ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഡ്രൈവറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. മോശം കാലാവസ്ഥയിൽ വാഹനമോടിക്കുമ്പോൾ ജാഗ്രത പാലിക്കണമെന്നും വേഗപരിധി പാലിക്കണമെന്നും ഷാർജ പോലീസ് അറിയിച്ചു.