രണ്ട് എമിറാത്തി ബഹിരാകാശ സഞ്ചാരികൾ ചന്ദ്രനിലിറങ്ങുന്ന ദൗത്യത്തിന്റെ ഭാഗമാകുമെന്ന് നാസയുടെ ബഹിരാകാശ സഞ്ചാരി സുനിത വില്യംസും ബഹിരാകാശത്തേക്ക് പോയ ആദ്യത്തെ എമിറാത്തിയായ ഹസ്സ അൽമൻസൂരിയും കഴിഞ്ഞ ദിവസം ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ വെച്ച് വെളിപ്പെടുത്തി.
ഒരു പാനൽ ചർച്ചയിൽ പങ്കെടുക്കവേയാണ് ചന്ദ്രനിൽ സർവേ നടത്താനുള്ള ആർട്ടെമിസ് ദൗത്യത്തെക്കുറിച്ചുള്ള ചില വിശദാംശങ്ങൾ പുസ്തകമേളയിൽ വെച്ച് വെളിപ്പെടുത്തിയത്. മനുഷ്യർ ചൊവ്വയിൽ ഇറങ്ങുന്നതിന് മുമ്പ് ആദ്യം ചന്ദ്രനിലേക്ക് കൂടുതൽ അടുത്ത് നോക്കേണ്ടതുണ്ടെന്ന് സുനിത വില്യംസ് പറഞ്ഞു.
“നമുക്ക് ചന്ദ്രനിലേക്ക് തിരികെ പോകാനും അവിടെ സുസ്ഥിരമായി ജീവിക്കാനും കഴിയണം, അതുവഴി ചൊവ്വയിലേക്കുള്ള അടുത്ത ഘട്ടങ്ങൾ മനസിലാക്കാനും പഠിക്കാനും കഴിയും.” 1972ലെ അപ്പോളോ 17 ആയിരുന്നു ബഹിരാകാശയാത്രികരുടെ അവസാന ചാന്ദ്രദൗത്യം.
ബഹിരാകാശ പര്യവേക്ഷണത്തിനുള്ള ആർട്ടെമിസ് ദൗത്യങ്ങളുടെ ഭാഗമാകാൻ 2020 ൽ യുഎഇ ബഹിരാകാശ ഏജൻസി നാസയുമായി കരാർ ഒപ്പിട്ടിരുന്നു. വിവിധ ദൗത്യങ്ങൾക്കായി എമിറാത്തി ബഹിരാകാശ സഞ്ചാരികളായ മുഹമ്മദ് അൽമുല്ലയും നോറ അൽമത്രൂഷിയും ഇപ്പോൾ നാസയിൽ കഠിനമായ പരിശീലനത്തിലാണ്.