അബദ്ധത്തിൽ നാണയം വിഴുങ്ങിയ സഹപാഠിയുടെ ജീവൻ രക്ഷിച്ച ഷാർജയിലെ അലി മുഹമ്മദ് ബിൻ ഹർബ് അൽ-മുഹൈരി എന്ന വിദ്യാർത്ഥിയുടെ ധീരമായ ഇടപെടലിനെ ഷാർജ പോലീസ് കമാൻഡർ-ഇൻ-ചീഫ് ജനറൽ സെയ്ഫ് അൽ-സാരി അൽ-ഷംസി ആദരിച്ചു.
അൽ ഹംരിയ ഏരിയയിലെ അൽ ഖലിയ പ്രൈമറി സ്കൂളിൽ കഴിഞ്ഞ ആഴ്ച രാവിലെ 10 മണിക്ക് ഇടവേള സമയത്താണ് സംഭവം നടന്നത്. നാലാം ക്ലാസിൽ പഠിക്കുന്ന ഒരു വിദ്യാർത്ഥി വായിലേക്ക് വിരൽ ചൂണ്ടുന്നത് അലി കാണുകയും ആ കുട്ടി ശ്വാസംമുട്ടുന്നതായി അലിക്ക് മനസ്സിലാകുകയായിരുന്നു. ഉടൻ തന്നെ അലി കുട്ടിയുടെ അടുത്തേക്ക് പോയി അവന്റെ അടിവയറ്റിൽ അമർത്താൻ തുടങ്ങിയപ്പോൾ കുടുങ്ങിയ നാണയം പുറത്തുവരികയായിരുന്നു.
അലി കാണിച്ച ഈ പ്രവൃത്തിയുടെ പ്രാധാന്യം എടുത്തുകാണിച്ചുകൊണ്ട് ജനറൽ ഷംസി, പ്രതികൂല സാഹചര്യങ്ങളെ അഭിമുഖീകരിച്ച യുവ വിദ്യാർത്ഥിയുടെ അവബോധത്തെയും വിവേകപൂർണ്ണമായ പെരുമാറ്റത്തെയും പ്രശംസിച്ചു.
സാമൂഹിക ഉത്തരവാദിത്തബോധവും മനുഷ്യനോടുള്ള കടമകളും അനുസരണവും വിദ്യാഭ്യാസ അന്തരീക്ഷത്തിൽ നിന്നാണ് ആരംഭിക്കുന്നതെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. അലിയുടെ മാതൃകാപരമായ പെരുമാറ്റം മാതാപിതാക്കളുടെ വളർത്തലിന്റെ നല്ല തെളിവാണെന്നും അദ്ദേഹം പറഞ്ഞു. തന്റെ മകന് ആദരവ് നൽകിയതിന് ഷാർജ പോലീസ് ജനറൽ കമാൻഡിന് അലി മുഹമ്മദിന്റെ പിതാവ് നന്ദി രേഖപ്പെടുത്തുകയും ചെയ്തു.