ദുബായിലെ എക്സ്പോ സിറ്റി ഇനി പൂർണമായി പുനരുപയോഗ ഊർജമായ സൗരോർജം ഉപയോഗിച്ചായിരിക്കും പ്രവർത്തിക്കുക. ഇതിനായി ലോകത്തിലെ ഏറ്റവും വലിയ സോളാർ പാർക്കായ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം സോളാർ പാർക്കിൽ നിന്ന് 100,000 മെഗാവാട്ട് പുനരുപയോഗ ഊർജം ദുബായിലെ ഇലക്‌ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി (DEWA) നൽകും.
വൈസ് പ്രസിഡന്റും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദും ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദും പങ്കെടുത്ത ചടങ്ങിൽ എക്‌സ്‌പോ സിറ്റി ദുബായും ദേവയും ഇതിനായുള്ള കരാറിൽ ഒപ്പുവച്ചിട്ടുണ്ട്.
2050-ഓടെ നെറ്റ് സീറോ എമിഷൻ നേടാനും ദുബായ് 2040 അർബൻ മാസ്റ്റർ പ്ലാനിലെ ഒരു കേന്ദ്രമെന്ന നിലയിൽ വേദിയുടെ പങ്ക് പിന്തുണയ്ക്കാനുമുള്ള രാജ്യത്തിന്റെ പദ്ധതിയുടെ ഭാഗമായി, എക്‌സ്‌പോ സിറ്റി ദുബായിലെ വീടുകൾക്കും ബിസിനസുകൾക്കും ഊർജം പകരാൻ ഇത് ഉപയോഗിക്കും.
നവംബർ 30 ന് നടക്കുന്ന കോപ് 28 കാലാവസ്ഥാ വ്യതിയാന ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കാൻ എക്‌സ്‌പോ സിറ്റി ദുബായ് ഒരുങ്ങുന്നതിനിടെയാണ് ഈ തീരുമാനം എടുത്തിരിക്കുന്നത്.