നവംബർ 30 മുതൽ ദുബായ് ആതിഥേയത്വം വഹിക്കുന്ന ആഗോള കാലാവസ്ഥാ ഉച്ചകോടിയായ കോപ് 28-ൽ (യുഎൻ ക്ലൈമറ്റ് കോൺഫറൻസ് ഓഫ് പാർട്ടീസ്) പങ്കെടുക്കാൻ ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎഇയിലെത്തും.
യുഎഇ പ്രസിഡൻറിൻറെ ക്ഷണം സ്വീകരിച്ചാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തുന്നത്. ഇസ്രയേൽ ഹമാസ് സംഘർഷത്തിൽ അറബ് നേതാക്കളുമായി ചർച്ചയും നടക്കും. നവംബർ 30 ന് അദ്ദേഹം യുഎഇയിലെത്തുമെന്നും ഡിസംബർ 1 ന് ഉച്ചകോടിയിൽ ഇന്ത്യയുടെ കാലാവസ്ഥാ നടപടി ഉയർത്തിക്കാട്ടുന്ന പ്രസ്താവന നടത്തുകയും അതേ ദിവസം തന്നെ മടങ്ങുകയും ചെയ്യുമെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങൾ ഇപ്പോൾ അറിയിച്ചിരിക്കുന്നത്.
ലോക കാലാവസ്ഥാ ആക്ഷൻ ഉച്ചകോടിയിൽ സംസ്ഥാനങ്ങളുടെയും സർക്കാരുകളുടെയും തലവൻമാർ, സിവിൽ സമൂഹം, ബിസിനസ്സ്, യുവജനങ്ങൾ, തദ്ദേശീയ ജന സംഘടനകൾ, മുൻനിര കമ്മ്യൂണിറ്റികൾ, ശാസ്ത്രം, മറ്റ് മേഖലകളിലെ നേതാക്കൾ എന്നിവരും കാലാവസ്ഥാ നടപടിയുടെ തോത് ഉയർത്താൻ ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങളും പദ്ധതികളും ചർച്ച ചെയ്യും.