മിഡിൽ ഈസ്റ്റിലെ ആദ്യത്തെ നെറ്റ് സീറോ എനർജി മോസ്ക് അബുദാബിയിലെ സുസ്ഥിര നഗര സമൂഹവും ഇന്നൊവേഷൻ ഹബ്ബുമായ മസ്ദാർ സിറ്റിയിൽ വരുമെന്ന് മസ്ദാർ സിറ്റിയിലെ സുസ്ഥിര വികസനത്തിന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ മുഹമ്മദ് അൽ ബ്രെക്കി അറിയിച്ചു.
നിരവധി നെറ്റ്-സീറോ എനർജി പ്രോജക്ടുകൾ രൂപകൽപ്പന ചെയ്യുകയും സൃഷ്ടിക്കുകയും ചെയ്തിട്ടുണ്ടെങ്കിലും ഇത് COP28 ന്റെ സമയത്ത് പ്രഖ്യാപിക്കുന്നതിനാൽ വ്യക്തിപരമായി പ്രത്യേക പ്രാധാന്യമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. 2,349 ചതുരശ്ര മീറ്റർ ഘടനയിൽ 1,300 ആരാധകരെ ഉൾക്കൊള്ളാനാകുന്ന നെറ്റ്-സീറോ എനർജി മോസ്കിന്റെ നിർമ്മാണം അടുത്ത വർഷത്തോടെ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
1,590 ചതുരശ്ര മീറ്റർ ഓൺ-സൈറ്റ് പിവി പാനലുകൾ ( സൂര്യപ്രകാശത്തിൽ നിന്ന് നേരിട്ട് വൈദ്യുതി ഉത്പാദിപ്പിക്കാൻ ഫോട്ടോവോൾട്ടെയ്ക് പാനലുകൾ ) ഉപയോഗിച്ച് ഒരു വർഷത്തിനുള്ളിൽ ആവശ്യമായ ഊർജത്തിന്റെ 100 ശതമാനമെങ്കിലും ഈ മോസ്കിൽ ഉൽപ്പാദിപ്പിക്കും.
പരിസ്ഥിതി സംരക്ഷണവും സാംസ്കാരിക പൈതൃകവും കമ്മ്യൂണിറ്റി ബിൽഡിംഗും സമന്വയിപ്പിക്കുന്ന ഒരു നൂതന രൂപകൽപ്പനയിലൂടെ മേഖലയിലെ ആരാധനാലയങ്ങൾക്ക് ഒരു പുതിയ വ്യവസായ നിലവാരം സ്ഥാപിക്കാനും മസ്ദർ സിറ്റി ലക്ഷ്യമിടുന്നു.