നാസയും യുഎഇയുടെ മുഹമ്മദ് ബിൻ റാഷിദ് ബഹിരാകാശ കേന്ദ്രവും ചന്ദ്രനിലേക്ക് അയക്കാനുള്ള എമിറാത്തി ബഹിരാകാശയാത്രികർക്കായുള്ള ചർച്ചകൾ നടത്തിവരികയാണെന്ന് യുഎസ് ബഹിരാകാശ ഏജൻസി നാസയുടെ അഡ്മിനിസ്ട്രേറ്റർ ബിൽ നെൽസൺ പറഞ്ഞു.
നാസയുടെ ആർട്ടെമിസ് പ്രോഗ്രാം ഈ ദശകത്തിൽ ചന്ദ്രനിൽ ഒരു അടിത്തറ സ്ഥാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഇതുവരെ അമേരിക്കൻ, കനേഡിയൻ ബഹിരാകാശയാത്രികരെ മാത്രമേ ചന്ദ്രനിലേക്ക് അയക്കാൻ നിയോഗിച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. സുപ്രധാന പദ്ധതിയിൽ യുഎഇയുടെ പങ്കിനെക്കുറിച്ച് ഇന്ന് ബുധനാഴ്ച നടന്ന ഒരു മാധ്യമ പരിപാടിയിലാണ് നാസ അഡ്മിനിസ്ട്രേറ്റർ ബിൽ നെൽസൺ ഇക്കാര്യം പറഞ്ഞത്.
ആർട്ടെമിസ് പ്രോഗ്രാമിന്റെ ഭാഗമായി, ചന്ദ്രോപരിതലത്തിലേക്ക് ഇറങ്ങുന്നതിന് മുമ്പ് ബഹിരാകാശയാത്രികർക്ക് ആതിഥ്യമരുളുന്ന ചന്ദ്ര ഭ്രമണപഥത്തിലെ ഒരു ചെറിയ സ്റ്റേഷനായ ലൂണാർ ഗേറ്റ്‌വേ വിക്ഷേപിക്കാൻ നാസ പദ്ധതിയിടുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ചന്ദ്രനിലേക്ക് അയക്കാനുള്ള എമിറാത്തി ബഹിരാകാശയാത്രികർക്കായുള്ള ചർച്ചകൾ നടത്തിവരികയാണെന്നും എന്നാൽ അതിനെക്കുറിച്ച് ഒരു പ്രഖ്യാപനം നടത്താൻ സമയമായില്ലെന്നും മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി നെൽസൺ പറഞ്ഞു.
.