ദുബായ് അൽ ഖവാനീജിലെ എത്തിഹാദ് മാളിന് സമീപമുള്ള പാലത്തിൽ നിന്ന് സ്‌പോർട്‌സ് കാർ വീണുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചതായി ദുബായ് പോലീസ് ഇന്ന് ബുധനാഴ്ച അറിയിച്ചു.
ഇന്നലെ ചൊവ്വാഴ്ച രാത്രി 11.55നാണ് സംഭവം നടന്നതെന്ന് ദുബായ് പോലീസിലെ ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ട്രാഫിക് ഡയറക്ടർ മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്‌റൂയി പറഞ്ഞു. മരിച്ചവർ ഏത് രാജ്യക്കാരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ലെങ്കിലും അവർ ഒരു പുരുഷനും സ്ത്രീയുമാണെന്ന് പോലീസ് പറഞ്ഞു.
അമിത വേഗതയിൽ വന്ന സ്‌പോർട്‌സ് കാർ പാലത്തിന് താഴത്തെ സ്ട്രീറ്റിൽ എതിർദിശയിലേക്ക് ചാടി തീപിടിക്കുകയായിരുന്നു.
അപകടത്തിന്റെ കാരണങ്ങൾ കണ്ടെത്തുന്നതിന് കൃത്യമായ തെളിവുകൾ ശേഖരിക്കുന്നതിനായി ദുബായ് പോലീസിന്റെ അപകട പരിശോധനാ വിഭാഗത്തിലെ വിദഗ്ധരെ ഉടൻ തന്നെ സംഭവസ്ഥലത്തേക്ക് അയച്ചിരുന്നു. റോഡുകളിലെ വേഗപരിധി കവിയുന്നതാണ് ഗുരുതരമായ വാഹനാപകടങ്ങളുടെ പ്രധാന കാരണമെന്ന് ദുബായ് പോലീസിലെ ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ട്രാഫിക് ഡയറക്ടർ മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്‌റൂയി മുന്നറിയിപ്പ് നൽകി.