അനുഗ്രഹങ്ങളുടെ കിരീടമായി “ആരോഗ്യവും സുസ്ഥിരതയും”
(ഡിസം. 22 വെള്ളി യൂഎഇ ജുമുഅ ഖുത്ബയുടെ സാരാംശം)
യൂഎഇ യിലെ പള്ളികളിൽ വെള്ളിയാഴ്ചകള്‍ തോറും ജും അ നമസ്കാരത്തിന് മുന്നോടിയായി കേൾക്കാറുള്ള ഖുതുബ മുൻകൂട്ടി തീരുമാനിക്കപ്പെടുന്നതാണ്. അതിനാൽ എല്ലാ പള്ളികളില്‍ നിന്നും എല്ലാവരും കേൾക്കുന്നത് ഒരേ കാര്യമായിരിക്കും.
വിശ്വാസികൾക്ക് തങ്ങളുടെ ആത്മസംസ്കരണത്തിന് ഏറ്റവും ഗുണകരമായി ഭവിക്കുന്ന ഒന്നാണ് വെള്ളിയാഴ്ച്ചകളിലെ ഈ ഖുത്ബ എന്നതിനാൽ അത് ശ്രവിക്കാൻ അവര്‍ ജാഗരൂകരായി അണിനിരക്കുന്നു.
ഡിസംബർ 22 വെള്ളിയാഴ്ചയുടെ ഖുത്ബയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത് “ആരോഗ്യവും സുസ്ഥിരതയും” എന്ന വിഷയമാണ്.
അല്ലാഹു മനുഷ്യന് നല്കിയിരിക്കുന്ന അനുഗ്രഹങ്ങളിൽ ഏറ്റവും സ്രേഷ്ടമായയാണ് ‘ആരോഗ്യവും സുസ്ഥിര ജീവിത സാഹചര്യങ്ങളും’എന്നാണ് വിശുദ്ധ ഖുർ ആനിൽ കാണാനാകുന്നത്.
‘തക്ബ’ യുടെ വിളക്കുമാടത്തിൽ നിന്നാണ് നാം വെളിച്ചം സ്വീകരിക്കേണ്ടത് . അപ്പോഴാണ് അല്ലാഹു നമുക്കുമേൽ ഈ അനുഗ്രഹങ്ങൾ നിലനിർത്തുക.
വിശുദ്ധ ഖുർആൻ പറയുന്നു : അല്ലാഹു നൽകിയ അനുഗ്രഹങ്ങളെ എണ്ണിനോക്കുന്നുവെങ്കിൽ അത് തിട്ടപ്പെടുത്തുവാൻ നിങ്ങൾക്ക് സാധ്യമല്ല.
എല്ലാ അനുഗ്രഹങ്ങളുടെയും കിരീടമായി അറിയപ്പെടുന്നത് ആരോഗ്യവും സുസ്ഥിരത സാഹചര്യങ്ങളും ആണെന്ന് പറയുന്നത് ഇതുരണ്ടുമില്ലെങ്കിൽ ശരീരത്തിനും മനസ്സിനും ആനന്ദിക്കാനാവില്ല എന്നതുകൊണ്ടാണ്.
സുസ്ഥിര സാഹചര്യം എന്നാൽ അതില്‍ നിര്‍ഭയത്വവും അടങ്ങിയിരിക്കുന്നു.
ഇബ്രാഹിം നബി പ്രാർഥിച്ചത് “അല്ലാഹുവേ ഈ നാടിനെ, മക്കാ ദേശത്തെ നീ ഒരു നിർഭയ രാജ്യമാക്കണേ” എന്നാണ്.
പ്രവാചകൻ നബിതിരുമേനി(സ) പറയുന്നുണ്ട് : സുദൃഢമായ വിശ്വാസത്തിനു ശേഷം ഒരു വ്യക്തിക്ക് നൽകപ്പെട്ടിരിക്കുന്ന ഏറ്റവും മഹത്തായ ഐശ്വര്യവും ഔദാര്യവും ആഫിയത്താണ്, ശാരീരിക ക്ഷമതയാണ്. സ്രഷ്ടാവ് സൃഷ്ടിക്ക് നൽകിയിരിക്കുന്ന ആദരവാണത്.
സമാധാനവും സന്തോഷവും ഉണ്ടാവാൻ ആരോഗ്യം കൂടിയേ തീരൂ. സമ്പൂർണമായ ആരോഗ്യത്തിന് സമാധാന സാഹചര്യം ഉണ്ടാകണം.
ഇതു രണ്ടുമുണ്ടാകുമ്പോഴാണ് ജിവിതം സന്തുഷ്ടമാകുന്നത്. നിങ്ങൾ നിങ്ങളുടെ നാട്ടിൽ, സ്വന്തം ആളുകൾക്കിടയിൽ നിർഭയനാണെങ്കിൽ,
ശാരീരികക്ഷമത ഉണ്ടെങ്കിൽ ആഫിയത്തുണ്ടെങ്കിൽ കൈവശം അന്നു കഴിക്കാനുള്ള ഭക്ഷണമുണ്ടെങ്കിൽ നിങ്ങൾ ദുനിയാവ് മുഴുവന്‍ നേടിയെടുത്തവനെപ്പോലെയാണെന്ന് റസൂൽ(സ)പറയുന്നു. ഇവ മേളിക്കുമ്പോൾ നാം അല്ലാഹുവിനെ കൃതജ്ഞതയാൽ ആരാധിച്ചുപോകുന്നു.
ആരോഗ്യവും നിർഭയത്വത്തിൽ അധിഷ്ഠിതമായ സുസ്ഥിര സാഹചര്യവും ഉണ്ടെങ്കിലേ ശാസ്ത്ര സാങ്കേതിക മേഖലകളിൽ മുന്നേറാനും കുടുംബത്തെയും വീട്ടുകാരെയും പരിചരിക്കാനും സമൂഹത്തെ പുരോഗതിയിലേക്കു നയിക്കുവാനും രാജ്യത്തെ സേവിക്കുവാനും സാധിതമാകുകയുള്ളു. ഭൗതികവും പാരത്രികവുമായ നന്മകളെ ഒരുമിച്ചു നേടിയെടുക്കാൻ കഴിയുകയുള്ളു.
വിവർത്തനം : മുസ്തഫ വാഫി അബൂദാബി.