നാസ വികസിപ്പിച്ചുകൊണ്ടിരിക്കുന്ന ചാന്ദ്ര ഭ്രമണപഥത്തിലേക്കുള്ള ഒരു എയർലോക്ക് സംഭാവന ചെയ്യുന്നതിന് യുഎഇ യുഎസുമായി ഒരു കരാറിൽ ഒപ്പുവച്ചു, കരാർ പ്രകാരം യുഎഇ നാസയുടെ ലൂണാർ ഗേറ്റ്വേ സ്റ്റേഷന് എയർലോക്ക് നൽകുകയും ഭാവിയിലെ ചാന്ദ്ര ദൗത്യങ്ങളിൽ എമിറാത്തി ബഹിരാകാശ സഞ്ചാരികളെ അയക്കാനും കഴിയും.
ഇതോടെ യുഎസ്എ, ജപ്പാൻ, കാനഡ, യൂറോപ്യൻ യൂണിയൻ എന്നിവയ്ക്കൊപ്പം നാസയുടെ ലൂണാർ ഗേറ്റ്വേ സ്റ്റേഷനിൽ തങ്ങളുടെ പങ്കാളിത്തവും യുഎഇ സ്ഥിരീകരിച്ചു. ചന്ദ്രനു ചുറ്റുമുള്ള മനുഷ്യരാശിയുടെ ആദ്യത്തെ ബഹിരാകാശ നിലയമായും ലൂണാർ ഗേറ്റ്വേ പ്രവർത്തിക്കും.
പ്രസിഡന്റ് ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം എന്നിവർ ചരിത്രപ്രസിദ്ധമായ ലൂണാർ ഗേറ്റ്വേയ്ക്കുള്ള യുഎഇയുടെ സംഭാവനകളുടെ പ്രകാശന ചടങ്ങിൽ പങ്കെടുത്തിരുന്നു.
രാജ്യത്തിന്റെ സംഭാവനയുടെ ഭാഗമായി 10 ടൺ ഭാരമുള്ള ഒരു സമ്പൂർണ്ണ യൂണിറ്റ് യുഎഇ വികസിപ്പിക്കുമെന്നും ബഹിരാകാശയാത്രിക പരിശീലനത്തിനുള്ള ആഗോള കേന്ദ്രത്തിനൊപ്പം യുഎഇ രാജ്യത്തിനുള്ളിൽ തന്നെ ഒരു ബഹിരാകാശ പ്രവർത്തന കേന്ദ്രം സ്ഥാപിക്കുമെന്നും ഷെയ്ഖ് മുഹമ്മദ് പറഞ്ഞു.