ദുബായ് ആർടിഎയുടെ വെബ്സൈറ്റിനോട് സാമ്യമുള്ള വ്യാജവെബ്സൈറ്റ് വഴി നോൾ കാർഡ് റീചാർജ് ചെയ്ത ദുബായിൽ താമസിക്കുന്ന ഇന്ത്യക്കാരനായ മുഹമ്മദ് സൽമാന് 1,051 ദിർഹം നഷ്ടപ്പെട്ടു. വെബ്സൈറ്റ് ആർടിഎയുടെ ഔദ്യോഗിക പ്ലാറ്റ്‌ഫോമിനോട് സാമ്യമുള്ളതായി തോന്നിയതുകൊണ്ടാണ് നോൾ കാർഡ് റീചാർജ് ചെയ്തതെന്ന് സൽമാൻ പറഞ്ഞു.
പേയ്‌മെന്റ് നടപടികളെല്ലാം കഴിഞ്ഞ് ഒടിപി നൽകി തന്റെ നോൾ ബാലൻസ് പരിശോധിച്ചപ്പോഴാണ് താൻ തട്ടിപ്പിന് ഇരയായതായി മനസ്സിലായത്. തുടർന്ന് ദുബായ് പോലീസിലും ബാങ്കിലും പരാതി നൽകിയിട്ടുണ്ടെന്നും സൽമാൻ പറഞ്ഞു. ഉക്രെയ്നിലെ കൈവിലുള്ള മോണോ ഡയറക്ട് എഫ്ജെ 1 എന്ന കമ്പനിയിലേക്കാണ് തന്റെ പണം പോയതെന്നും സൽമാൻ പറഞ്ഞു.
സമാനമായി cargovanexpeditinginny.com എന്ന സൈറ്റിൽ ഒരു മ്യൂസിയം ഓഫ് ദി ഫ്യൂച്ചർ ടിക്കറ്റ് വാങ്ങുന്നതിനിടെ ഒരു വിനോദസഞ്ചാരിക്ക് 6,000 ദിർഹം നഷ്ടപ്പെട്ടതായും റിപ്പോർട്ടുണ്ട്. ഇത്തരത്തിലുള്ള വ്യാജ വെബ്‌സൈറ്റുകളിൽ പെട്ടുപോകരുതെന്നും ഒത്തിരി തവണ പരിശോധിക്കണമെന്നും അധികൃതർ വീണ്ടും ഓർമ്മപ്പെടുത്തി.