ദുബായിൽ 2024 നവംബർ മാസത്തോട് കൂടി 2 പുതിയ സാലിക് റോഡ് ടോൾ ഗേറ്റുകൾ കൂടി പ്രവർത്തനസജ്ജമാകുമെന്ന് ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി അറിയിച്ചു.
അൽ ഖൈൽ റോഡിലെ ബിസിനസ് ബേ ക്രോസിംഗിലും അൽ മൈദാൻ സ്ട്രീറ്റിനും ഉമ്മുൽ ഷെയ്ഫ് സ്ട്രീറ്റിനും ഇടയിൽ ഷെയ്ഖ് സായിദ് റോഡിലെ അൽ സഫ സൗത്തിലുമാണ് ഗേറ്റുകൾ സ്ഥാപിക്കുക. തിരക്ക് കുറയ്ക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി വിപുലമായ ട്രാഫിക് പഠനങ്ങളെ തുടർന്നാണ് ഈ സ്ഥലങ്ങൾ തിരഞ്ഞെടുത്തതെന്ന് അതോറിറ്റി പറഞ്ഞു. ദുബായിലുടനീളമുള്ള ടോൾ ഗേറ്റുകളുടെ എണ്ണം 10 ആക്കാനാണ് ലക്ഷ്യമിടുന്നത്.
ദുബായിലെ ടോൾ ഗേറ്റുകളുടെ നടത്തിപ്പുകാരായ സാലിക് കമ്പനിയോട് പുതിയ ഗേറ്റുകൾ സ്ഥാപിക്കാൻ ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി നിർദേശിച്ചിട്ടുണ്ട്.