അയോദ്ധ്യയിലെ പ്രാണപ്രതിഷ്ഠയുമായി ബന്ധപ്പെട്ട് ബുർജ് ഖലീഫയിൽ രാമന്റെ ചിത്രം തെളിഞ്ഞുവെന്ന വൈറലായ ചിത്രം വ്യാജമായി ആരോ ഡിജിറ്റലായി ഉണ്ടാക്കിയിട്ടുള്ളതാണ്. ബുർജ് ഖലീഫയിൽ രാമന്റെ ചിത്രം തെളിഞ്ഞുവെന്ന് പറഞ്ഞ് പലരും ഈ ചിത്രം സമൂഹമാധ്യമ അക്കൗണ്ടുകളിൽ പങ്കുവെച്ചിരുന്നു.
എന്നാൽ ഇത് വ്യാജ ചിത്രമാണെന്നും സമൂഹമാധ്യമങ്ങളിൽ ഇത്തരം കാര്യങ്ങൾ പങ്ക് വെക്കുമ്പോൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. മറ്റുളളവരുടെ സ്വകാര്യതയെ മാനിക്കുക, തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കാതിരിക്കുക, മറ്റുളളവരുടെ വിശ്വാസത്തെയും മതത്തെയും ബഹുമാനിക്കുക എന്നതടക്കമുളള കാര്യങ്ങളിൽ ശക്‌തമായ നിയമമുളള രാജ്യമാണ് യുഎഇ. നിയമം ലംഘിച്ചാൽ പിഴയടക്കമുള്ള ശിക്ഷാനടപടികൾ നേരിടേണ്ടി വരും.
കിംവദന്തികൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചാൽ ആറ് മാസത്തെ തടവുശിക്ഷയും 20,000 ദിർഹം മുതൽ 1,00,000 ദിർഹം വരെയാണ് പിഴ ലഭിക്കുക. പങ്ക് വെക്കുന്ന വിവരങ്ങൾ ബാങ്കുമായി ബന്ധപ്പെട്ടതാണെങ്കിൽ കൂടുതൽ ഗുരുതരമായ കുറ്റമായി കണക്കാക്കും.