യുഎഇയിൽ അരനൂറ്റാണ്ട് പിന്നിടുന്ന ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലിക്ക് ആദരവർപ്പിക്കാൻ പ്രമുഖ പ്രവാസി സംരംഭകനും എം.എ യൂസഫലിയുടെ മരുമകനുമായ ഡോ. ഷംഷീർ വയലിൽ കുട്ടികൾക്കായി ജനുവരിയിൽ പ്രഖ്യാപിച്ച അൻപത് ഹൃദയശസ്ത്രക്രിയകളിൽ ആദ്യ പത്തെണ്ണം പൂർത്തിയായി.
സംഘർഷമേഖലകളിൽ നിന്നുള്ള കുട്ടികൾക്ക് അടിയന്തര ജീവൻരക്ഷാ സഹായം ലഭ്യമാക്കാനുള്ള ശസ്ത്രക്രിയകളാണ് ആദ്യ ഘട്ടത്തിൽ ലഭ്യമാക്കിയത്.ചികിത്സയ്ക്ക് ബുദ്ധിമുട്ട് നേരിടുന്ന ലിബിയ, ടുണീഷ്യ, ഈജിപ്ത് എന്നിവിടങ്ങളിലെ കുരുന്നുകളും ആദ്യമാസം സങ്കീർണ വൈദ്യശസ്ത്രക്രിയ ലഭിച്ചവരിൽ ഉൾപ്പെടും. ജന്മനാ ഹൃദയരോഗങ്ങളുള്ള കുട്ടികളുടെ ശസ്ത്രക്രിയകളാണ് പൂർത്തിയാക്കിയത്.
ശസ്ത്രക്രിയയ്ക്ക് വിധേയരായ കുട്ടികൾ 10 മാസം മുതൽ ഒമ്പത് വയസ്സ് വരെ പ്രായമുള്ളവരാണ്. ലിബിയയിൽ നിന്നുള്ള ഏലിയാസ്, അൽ തെറിക്കി, ടുണീഷ്യയിൽ നിന്നുള്ള ചബാനി, ഔസ്‌ലാറ്റി, ഈജിപ്തിൽ നിന്നുള്ള കാരസ്, മാർവി, നൂർ, മുഹമ്മദ് എന്നിവർ ഗോൾഡൻ ഹാർട്ട് ഇനിഷ്യേറ്റീവിലൂടെ പുതു ജീവിതത്തിലേക്ക് പ്രവേശിക്കുകയാണ്.
ഗുരുതര ഹൃദ്രോഗം നേരിടുന്ന ലിബിയയിലെ 11 മാസം പ്രായമായ മൊഹേബിന് ജീവിതം തിരിച്ചുപിടിക്കാനുള്ള നിർണായക വൈദ്യ സഹായവും ഡോ. ഷംഷീർ വയലിന്റെ നേതൃത്വത്തിൽ ലഭ്യമായി. ബുർജീൽ ഹോൾഡിങ്സ് സ്‌ഥാപകനും ചെയർമാനും യൂസഫലിയുടെ മകൾ ഡോ. ഷബീന യൂസഫലിയുടെ ഭർത്താവുമാണ് ഡോ. ഷംഷീർ വയലിൽ.
ഗോൾഡൻ ഹാർട്ട് ഇനിഷ്യേറ്റീവ് കൊച്ചുകുട്ടികൾക്ക് ആരോഗ്യകരമായ ഭാവി സംഭാവന ചെയ്യുന്നത് കാണുന്നതിൽ അഭിമാനമുണ്ടെന്ന് ഡോ. ഷംഷീർ പറഞ്ഞു.
ഇന്ത്യടക്കമുള്ള രാജ്യങ്ങളിലെ കുട്ടികൾക്ക് സഹായം ലഭ്യമാക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. കേരളത്തിൽ നിന്ന് ശസ്ത്രക്രിയകൾക്കായി അപേക്ഷിച്ചവരിൽ തിരഞ്ഞെടുക്കപ്പെടുന്ന കുട്ടികൾക്ക് കേരളത്തിൽ തന്നെ ചികിത്സയൊരുക്കാനും പ്രവർത്തിച്ചുവരികയാണ്.