പ്രാദേശികമായും ആഗോളമായും ആയിരക്കണക്കിന് നോമ്പുകാരെയും ദരിദ്രരായ വ്യക്തികളെയും സഹായിക്കുന്നതിനായി 160 മില്യൺ ദിർഹം സമാഹരിക്കുക എന്ന ലക്ഷ്യത്തോടെ ഒരു സുപ്രധാന റമദാൻ കാമ്പെയ്ൻ ആരംഭിച്ചതായി യുഎഇയിലെ ദാർ അൽ ബെർ സൊസൈറ്റി ( Dar Al Ber Society ) അറിയിച്ചു.
യുഎഇ നേതൃത്വത്തിൻ്റെ ചാരിറ്റബിൾ നിർദ്ദേശങ്ങൾക്ക് അനുസൃതമായി റമദാനിൽ ദരിദ്രരെ സഹായിക്കുന്നതിൽ കാമ്പെയ്ൻ്റെ ശ്രദ്ധ കേന്ദ്രീകരിച്ചതായി ദാർ അൽ ബെറിൻ്റെ സിഇഒ ഡോ. മുഹമ്മദ് സുഹൈൽ അൽ മുഹൈരി എടുത്തുപറഞ്ഞു.
O Seeker of Goodness, Come Forward എന്ന് പേരിട്ടിരിക്കുന്ന റമദാൻ കാമ്പയിൻ നോമ്പ് അനുഷ്ഠിക്കുന്ന വ്യക്തികൾ, അഗതികൾ, അനാഥർ, രോഗികൾ, വിധവകൾ, കടമുള്ളവർ, മറ്റുള്ളവർ. തുടങ്ങി വിവിധ ദുർബല വിഭാഗങ്ങളെ സഹായിക്കാനുള്ളതാണെന്ന് മുഹൈരി പറഞ്ഞു.
23 സ്ഥലങ്ങളിലായി 3,24,000 പേർക്ക് ദിവസേന ഭക്ഷണം നൽകുന്ന നിർണായക ഇഫ്താർ സംരംഭം. യുഎഇയിലെ നോമ്പുകാർക്ക് പ്രതിദിനം 1,080,000 ഭക്ഷണം വിതരണം, രാജ്യത്തിന് പുറത്ത് 281,256 പേർക്ക് 1,038,000 ദിർഹം ചെലവ് വരുന്ന സഹായം. പാകം ചെയ്ത ഭക്ഷണം അല്ലെങ്കിൽ ശരാശരി അഞ്ച് പേർക്ക് കഴിക്കാൻ കഴിയുന്ന ഭക്ഷണ കൊട്ടകൾ വിതരണം ചെയ്യലുമെല്ലാം ഈ കാമ്പയിൻ വഴി നടക്കും.