2023-ൽ വേജ് പ്രൊട്ടക്ഷൻ സിസ്റ്റം (ഡബ്ല്യുപിഎസ്) വഴി ജീവനക്കാർക്ക് ശമ്പളം നൽകുന്നതിൽ പരാജയപ്പെട്ട കമ്പനികളുടെ 33,000 കേസുകൾ യുഎഇ അധികൃതർ കണ്ടെത്തി. ഈ കമ്പനികൾക്ക് “അഡ്മിനിസ്‌ട്രേറ്റീവ് പെനാൽറ്റി” ചുമത്തിയതായി മാനവ വിഭവശേഷി, എമിറേറ്റൈസേഷൻ മന്ത്രാലയം (MoHRE) അറിയിച്ചു.
അംഗീകൃത ധനകാര്യ സ്ഥാപനങ്ങൾ വഴി നടത്തുന്ന ഇലക്ട്രോണിക് ശമ്പള കൈമാറ്റ സമ്പ്രദായമായ ഡബ്ല്യുപിഎസ് – പാലിക്കാത്തതിന് കമ്പനികൾക്ക് ചുമത്തിയ അഡ്മിനിസ്ട്രേറ്റീവ് പെനാൽറ്റികളുടെ സ്വഭാവമോ പിഴ തുകകളോ മന്ത്രാലയം വ്യക്തമാക്കിയിട്ടില്ല. MoHRE-യിൽ രജിസ്റ്റർ ചെയ്തിട്ടുള്ള എല്ലാ തൊഴിലുടമകളും ഈ സംവിധാനം സബ്‌സ്‌ക്രൈബുചെയ്യാനും അതിലൂടെ ജീവനക്കാരുടെ ശമ്പളം നൽകാനും നിയമപ്രകാരം മന്ത്രാലയം ആവശ്യപ്പെട്ടു. നിയമലംഘനങ്ങൾക്കുള്ള ശിക്ഷകളിൽ വർക്ക് പെർമിറ്റ് വിതരണം താൽക്കാലികമായി നിർത്തിവയ്ക്കലും പിഴയും ഉൾപ്പെടുന്നു.
അതേസമയം 2023-ൽ ലൈസൻസില്ലാത്ത സേവനങ്ങൾ നൽകിയതിന് 509 കമ്പനികളെ പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്തതായി മന്ത്രാലയം അറിയിച്ചു. ലൈസൻസില്ലാതെ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്ന കമ്പനികളുടെ അമ്പത്തിയഞ്ച് കേസുകളും കണ്ടെത്തിയിട്ടുണ്ട്.