കഴിഞ്ഞ വ്യാഴാഴ്ച രാത്രി ഷാർജയിലെ അൽ നഹ്ദ ഏരിയയിലെ ഒരു റെസിഡൻഷ്യൽ കെട്ടിടത്തിൽ ഉണ്ടായ തീപിടിത്തത്തിൽ ജീവൻ നഷ്ടപ്പെട്ട അഞ്ച് നിവാസികളിൽ രണ്ട് ഇന്ത്യക്കാരും ഉൾപ്പെടുന്നുവെന്ന് കുടുംബാംഗങ്ങളും സാമൂഹിക പ്രവർത്തകരും സ്ഥിരീകരിച്ചു.
ദുബായ് വേൾഡ് ട്രേഡ് സെന്ററിന് കീഴിലെ ഡി.എക്സ്.ബി ലൈവ് എന്ന സ്ഥാപനത്തിലെ സൗണ്ട് എഞ്ചിനീയറായ മൈക്കിൾ സത്യദാസ് ആണ് മരണപ്പെട്ട രണ്ട് ഇന്ത്യക്കാരിൽ ഒരാൾ. ബാംഗ്ലൂർ സ്വദേശിയാണ്. എ. ആർ റഹ്മാൻ, ബ്രൂണോ മാർസ് തുടങ്ങിയ പ്രശസ്തരുടെ ലൈവ് കൺസേർട്ടുകളിലെ സ്ഥിര സാന്നിദ്ധ്യമായിരുന്നു ഇദ്ദേഹം.
മുംബൈയിൽ നിന്നുള്ള സംറീൻ ബാനു (29) ആണ് മരണപ്പെട്ട ഇന്ത്യക്കാരിൽ രണ്ടാമത്തേത്. ഇവരുടെ ഭർത്താവ് ഇപ്പോഴും ആശുപത്രിയിൽ അത്യാസന്ന നിലയിൽ ചികിത്സയിലാണ്.
തീ പിടിത്തത്തിനിടെ രക്ഷപ്പെടാൻ വേണ്ടി താഴേയ്ക്ക് ചാടിയ ഒരു ആഫ്രിക്കക്കാരന്‍റെ മരണം വ്യാഴാഴ്ച്ച തന്നെ സ്ഥിരീകരിച്ചിരുന്നു. പിന്നീട് ഒരു ഫിലിപ്പീനി സ്വദേശിയും മരണപ്പെട്ടതായും അറിയിച്ചിരുന്നു.