ഷാർജ: മഴയും വെള്ളപ്പൊക്കവും മൂലം ദുരിതമനുഭവിക്കുന്നവർക്കായി 50 മില്യൺ ദിർഹത്തിന്റെ സാമ്പത്തിക സഹായത്തിന് അംഗീകാരം നൽകി ഷാർജ ഭരണാധികാരി. ഇത്തരം 1,806 കേസുകൾക്കുള്ള ധനസഹായത്തിനാണ് സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി അംഗീകാരം നൽകിയത്.
ന്യൂനമർദ്ദത്തെ തുടർന്നുണ്ടായ മഴക്കെടുതികളിൽ വീടുകൾക്ക് കേടുപാടുകൾ സംഭവിച്ച ഷാർജയിലെ പൗരന്മാരെ സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് നടപടി. ചോർച്ചയോ ബാഹ്യ നാശനഷ്ടമോ ഉണ്ടായ വീട്ടുടമകൾക്ക് 25,000 ദിർഹം മുതൽ 1,568 ദിർഹം വരെ സഹായം വിതരണം ചെയ്യുക, 117 ദുരന്ത ബാധിതർക്കുള്ള ഏറ്റവും കുറഞ്ഞ സഹായം 50,000 ദിർഹമായി ഉയർത്തുക തുടങ്ങിയ കാര്യങ്ങൾക്കാണ് ഷാർജ ഭരണാധികാരി അംഗീകാരം നൽകിയത്.
കനത്ത മഴയിൽ ഗൃഹോപകരണങ്ങളും ഫർണിച്ചറുകളും തകരാറിലായവർക്കും സഹായം ലഭിക്കും. മഴക്കെടുതിയിൽ വീടുകൾ നഷ്ടപ്പെട്ടവർക്ക് ഈ സഹായം വലിയ ആശ്വാസകരമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.