ദുബായ്: ദുബായ് ഒരു ഓവർടൂറിസം ഡെസ്റ്റിനേഷനായി മാറില്ലെന്ന് വിദഗ്ധർ. വ്യവസായിക വിദഗ്ധരാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. വിവിധ സ്ഥലങ്ങളിൽ വൈവിധ്യമാർന്ന ആകർഷണങ്ങളൊരുക്കി ദുബായ് ടൂറിസം ഡെസ്റ്റിനേഷനുകൾ ആസൂത്രണം ചെയ്തിട്ടുണ്ടെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
എല്ലാവരും ഒരേ സ്ഥലത്തിന് ചുറ്റും തിങ്ങിക്കൂടുന്ന അവസ്ഥ ഉണ്ടാകാതിരിക്കാനുള്ള തയ്യാറെടുപ്പുകൾ ദുബായ് നടത്തിയിട്ടുണ്ട്. ദുബായ് ഒരു വലിയ നഗരമാണെന്നും ഇവിടെ മികച്ച അടിസ്ഥാന സൗകര്യങ്ങളുണ്ടെന്നും ആപ്റ്റമൈൻഡ് സിഇഒ ആരാധന ഖൊവാല വ്യക്തമാക്കി. നഗരത്തിലെ ഓരോ സോണുകളിലും വിനോദ ഓപ്ഷനുകൾ ഉണ്ട്. അതിനാൽ ഒരു പ്രദേശത്ത് മാത്രം തിരക്ക് അനുഭവപ്പെടില്ല. വെനീസിലും ബാഴ്സലോണയിലും പ്രശ്‌നം സംഭവിക്കുന്നത് നഗരത്തിന്റെ ചില ഭാഗങ്ങൾ ശൂന്യമായതിനാലാണെന്നും ഇവർ അഭിപ്രായപ്പെടുന്നു.
നിലവിൽ, 60-ലധികം രാജ്യങ്ങളിലായി 93 നഗരങ്ങൾ ഓവർടൂറിസം നേരിടുന്നു. കഴിഞ്ഞ വർഷം 17.1 ദശലക്ഷം സന്ദർശകരാണ് ദുബായിലെത്തിയത്. വൈവിധ്യമായ കാഴ്ച്ചകളും ടൂറിസ്റ്റ് ഓഫറുകളും മികച്ച അടിസ്ഥാന സൗകര്യങ്ങളും വിനോദസഞ്ചാരമേഖലയ്ക്ക് കൂടുതൽ കരുത്ത് പകരുന്നു. ആഗോള തലത്തിൽ ഏറ്റവും മികച്ച മാർക്കറ്റ് ഡെസ്റ്റിനേഷനാണ് ദുബായെന്ന് വിദഗ്ധർ കൂട്ടിച്ചേർത്തു.
 
								 
								 
															 
															





