അബുദാബി: അബുദാബിയിലെ ഒരു ബർഗർ റസ്റ്റോറന്റ് അടച്ചുപൂട്ടാൻ ഉത്തരവ്. ആരോഗ്യ-സുരക്ഷാ ലംഘനങ്ങളെക്കുറിച്ച് ഒന്നിലധികം മുന്നറിയിപ്പുകൾ നൽകിയിട്ടും നടപടി സ്വീകരിക്കാത്തതിനെ തുടർന്നാണ് നടപടി. അൽ റീം ഐലൻഡിൽ സ്ഥിതി ചെയ്യുന്ന ഹിറ്റ് ബർഗർ കഫ്റ്റീരിയയ്ക്കാണ് പൂട്ടുവീണത്.
അബുദാബി അഗ്രികൾച്ചർ ആൻഡ് ഫുഡ് സേഫ്റ്റി അതോറിറ്റി അഡ്മിനിസ്ട്രേറ്റീവാണ് സ്ഥാപനത്തിന് ക്ലോഷർ നോട്ടീസ് നൽകിയത്. ഭക്ഷ്യസുരക്ഷ, പൊതുജനാരോഗ്യത്തിന് ഭീഷണി എന്നീ നിയമലംഘനങ്ങൾ റെസ്റ്റോറന്റിന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടുണ്ട്. സമീപകാല ഭക്ഷ്യ പരിശോധനാ റിപ്പോർട്ട് അനുസരിച്ച് ഗുരുതര ഭക്ഷ്യസുരക്ഷാ ലംഘനങ്ങളും ഫലപ്രദമായ തിരുത്തൽ നടപടികൾ നടപ്പിലാക്കുന്നതിൽ സ്ഥാപനത്തിന്റെ പരാജയവുമാണ് റെസ്റ്റോറന്റ് അടച്ചുപൂട്ടാൻ കാരണമെന്ന് അധികൃതർ വ്യക്തമാക്കി.
മൂന്ന് നിയമലംഘനങ്ങളെക്കുറിച്ചും ഭക്ഷ്യസുരക്ഷയെ ബാധിക്കുന്ന രീതികളെക്കുറിച്ചുമുള്ള മുന്നറിയിപ്പ് നേരത്തെ കഫറ്റീരിയയ്ക്ക് ലഭിച്ചിരുന്നു. പ്രശ്നങ്ങൾ പരിഹരിച്ചാൽ റെസ്റ്റോറന്റിന് വീണ്ടും തുറന്നു പ്രവർത്തിക്കാൻ കഴിയും.