ദുബായ്: അനാവശ്യവും വഞ്ചനാപരവുമായ ടെലിമാർക്കറ്റിംഗ് കോളുകൾ കർശനമായി തടഞ്ഞ് യുഎഇ. നിയമലംഘകർക്കെതിരെ കർശനമായ നടപടികൾ സ്വീകരിക്കുമെന്നാണ് മുന്നറിയിപ്പ്. നിയമലംഘകർക്കെതിരെ പിഴ ചുമത്തുമെന്ന് അധികൃതർ വ്യക്തമാക്കി.
2,000-ത്തിലധികം നിയമലംഘനങ്ങളാണ് അതോറിറ്റി കണ്ടെത്തിയിരിക്കുന്നത്. നിരവധി വ്യക്തികൾക്ക് ടെലികമ്മ്യൂണിക്കേഷൻസ് ആൻഡ് ഡിജിറ്റൽ ഗവൺമെന്റ് റെഗുലേറ്ററി അതോറിറ്റി (ടിഡിആർഎ) പിഴ ചുമത്തിയിട്ടുണ്ട്. പിഴ ചുമത്തുന്നതിന് പുറമെ, ഈ നമ്പറുകൾ സസ്‌പെൻഡ് ചെയ്യുകയും ചെയ്യും. 2024-ലെ കാബിനറ്റ് പ്രമേയം നമ്പർ 56, 57 പ്രകാരമാണ് കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കുക.
ഒരു വ്യക്തി തങ്ങളുടെ പേരിലുള്ള സിം കാർഡിലൂടെ ഉത്പന്നങ്ങൾ വിറ്റഴിക്കുന്ന ടെലിമാർക്കറ്റിംഗ് കോളുകൾ വിളിക്കുകയാണെങ്കിൽ 5000 ദിർഹം പിഴ ചുമത്തുമെന്ന് നിയമം വ്യവസ്ഥ ചെയ്യുന്നു. വീണ്ടും നിയമലംഘനം ആവർത്തിക്കുകയാണെങ്കിൽ 20000 ദിർഹം പിഴ ലഭിക്കും. ഈ നമ്പർ മൂന്ന് മാസത്തേക്ക് സസ്‌പെൻഡും ചെയ്യുന്നതാണ്. മൂന്നാമതും നിയമ ലംഘനം നടത്തുന്നവർക്ക് പിഴ 50,000 ദിർഹമാക്കും.