അബുദാബി: യുഎഇയിൽ ഇന്നും നാളെയും മഴയ്ക്കു സാധ്യതയുണ്ടെന്ന പ്രവചനവുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. അറബിക്കടലിൽ രൂപപ്പെട്ട ന്യൂനമർദത്തെ തുടർന്നാണ് മഴ പെയ്യാൻ സാധ്യതയുള്ളത്. യുഎഇയുടെ തെക്ക്, കിഴക്ക് ഭാഗങ്ങളിലായിരിക്കും മഴ അനുഭവപ്പെടുകയെന്ന് കാലാവസ്ഥാ നിരീക്ഷകർ അറിയിച്ചു.
റാസൽഖൈമ, ഫുജൈറ, ഖോർഫക്കാൻ എന്നിവിടങ്ങളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കടൽ പ്രക്ഷുബ്ധമാകാനും തീരപ്രദേശങ്ങളിൽ വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ടെന്നും എന്നാൽ, കാര്യമായ ആഘാതം ഉണ്ടാക്കില്ലെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അധികൃതർ വ്യക്തമാക്കുന്നു.
ന്യൂനമർദം മൂലം പെട്ടെന്നുണ്ടാകുന്ന മാറ്റം നിരീക്ഷിച്ചുവരികയാണെന്ന് അധികൃതർ അറിയിച്ചു. കാലാവസ്ഥാ മാറ്റത്തോട് അനുബന്ധിച്ചുള്ള മുന്നറിയിപ്പുകൾ ഔദ്യോഗിക ചാനലുകൾ വഴി നൽകുമെന്നും തെറ്റായ വാർത്തകളിൽ വിശ്വസിക്കരുതെന്നും അധികൃതർ കൂട്ടിച്ചേർത്തു.