ദുബായ്: അനധികൃത ടെലിമാർക്കറ്റിങ് കോളുകൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ലംഘിച്ചവർക്കെതിരെ കർശന നടപടിയുമായി യുഎഇ. വിവിധ സ്ഥാപനങ്ങൾക്ക് ഇതുവരെ 8,55,000 ദിർഹം പിഴ ചുമത്തിയതായി ടെലികമ്യൂണിക്കേഷൻസ് ആൻഡ് ഡിജിറ്റൽ ഗവൺമെന്റ് റെഗുലേറ്ററി അതോറിറ്റി അറിയിച്ചു.
ഈ മാസം ആദ്യം ടെലിമാർക്കറ്റിങ്ങിനായി വ്യക്തിഗത നമ്പറുകൾ ഉപയോഗിച്ചതിന് 2000 പേർക്കെതിരെ അധികൃതർ നടപടി സ്വീകരിച്ചിരുന്നു. പിഴയും ടെലിമാർക്കറ്റിങ്ങിന് താത്ക്കാലിക വിലക്കുമാണ് നിയമ ലംഘകർക്ക് ശിക്ഷയായി ലഭിക്കുന്നത്. ടെലിമാർക്കറ്റിങ്ങിന് ഉപയോഗിച്ച വ്യക്തിഗത ഫോൺനമ്പറുകൾ റദ്ദാക്കുകയും ചെയ്തു.
മാർക്കറ്റിങ് കോളുകൾ നിയന്ത്രിക്കുക, ഉപയോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കുക എന്നിവ ലക്ഷ്യമിട്ട് കഴിഞ്ഞ ഓഗസ്റ്റിൽ യുഎഇയിൽ പുതിയ ടെലിമാർക്കറ്റിംഗ് നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വരുത്തിയിരുന്നു. നിയമപ്രകാരം കമ്പനികൾ അവരവരുടെ ഉത്പന്നങ്ങളും സേവനങ്ങളും പ്രചരിപ്പിക്കുന്നതിന് നിശ്ചിതസമയം പാലിക്കണം. രാവിലെ ഒൻപതിനും വൈകിട്ട് ആറിനുമിടയിൽ മാത്രമേ വിളിക്കാവൂ. മറ്റ് സമയങ്ങളിൽ ടെലി മാർക്കറ്റിങ് കോളുകൾ പാടില്ലെന്നാണ് നിയമം. മാത്രമല്ല ഇത്തരം കോളുകളിൽ നിർബന്ധിത വിൽപന തന്ത്രങ്ങളെല്ലാം ഒഴിവാക്കണം. ഉപയോക്താവിനെ സമ്മർദ്ദത്തിലാക്കാനോ തെറ്റിദ്ധരിപ്പിക്കാനോ പാടില്ലെന്നും നിർദ്ദേശമുണ്ട്.