അബുദാബി: ചെറിയ അപകടങ്ങൾക്ക് ശേഷം വാഹനങ്ങൾ റോഡിൽ നിന്ന് സുരക്ഷിത സ്ഥലങ്ങളിലേക്കു മാറ്റണമെന്ന് മുന്നറിയിപ്പ് നൽകി അബുദാബി പോലീസ്. വാഹനം നീക്കാത്തവർക്ക് 500 ദിർഹം പിഴ ചുമത്തുമെന്നും മുന്നറിയിപ്പുണ്ട്. വാഹനം നീക്കാത്തതിനെ തുടർന്ന് ഗുരുതര അപകടങ്ങൾക്ക് കാരണമായ ഒട്ടേറെ സംഭവങ്ങൾ കണക്കിലെടുത്താണ് അധികൃതർ ഇതുസംബന്ധിച്ച മുന്നറിയിപ്പ് നൽകിയത്.
ചെറിയ അപകടങ്ങൾ പോലീസിന്റെ സാഇദ് ആപ്ലിക്കേഷനിലൂടെ റിപ്പോർട്ട് ചെയ്യണം. ആപ്പിൽ ആക്‌സിഡന്റ് റിപ്പോർട്ടിങ് സർവീസിൽ ക്ലിക്ക് ചെയ്ത് മൊബൈൽ നമ്പർ നൽകി തുടർന്നുള്ള നിർദേശം അനുസരിച്ച് നടപടി പൂർത്തിയാക്കാം. അപകട ദൃശ്യവും ഡ്രൈവിങ് ലൈസൻസിന്റെ കോപ്പിയും അപ് ലോഡ് ചെയ്യണം. നൽകിയ വിവരങ്ങൾ പരിശോധിച്ച് ഉറപ്പുവരുത്തി അപേക്ഷ സമർപ്പിക്കണം. തെറ്റ് ആരുടെ ഭാഗത്താണെങ്കിലും ചെറിയ അപകടങ്ങളിൽപ്പെട്ടവർ വിവരം പോലീസിനെ അറിയിച്ച് വാഹനം സുരക്ഷിത സ്ഥലത്തേക്കു നീക്കണമെന്ന് അഭ്യർഥിച്ചു. പോലീസിന്റെ വരവിനായി കാത്തിരിക്കേണ്ടതില്ല.
ഡ്രൈവർമാർക്ക് അവരുടെ വാഹനങ്ങൾ നീക്കാൻ കഴിയുന്നില്ലെങ്കിൽ സഹായത്തിനായി 999 എന്ന നമ്പറിൽ കൺട്രോൾ സെന്ററുമായി ബന്ധപ്പെടണം. ഇതുസംബന്ധിച്ച് ബോധവൽക്കരണ ക്യാംപെയ്‌നും ആരംഭിച്ചു.