ദുബായ്: കാലാവസ്ഥാ പ്രവചനത്തിന്റെയും മുൻകൂർ മുന്നറിയിപ്പ് സംവിധാനങ്ങളുടെയും കാര്യക്ഷമമായ വിനിയോഗം വർധിപ്പിക്കുന്നതിന് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ) നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജിയുമായി (എൻസിഎം) ധാരണാപത്രത്തിൽ ഒപ്പുവച്ചു. ആർടിഎയിലെ സ്ട്രാറ്റജി ആൻഡ് കോർപ്പറേറ്റ് ഗവേണൻസ് സെക്ടർ സിഇഒ മുന അബ്ദുൾ റഹ്മാൻ അൽ ഒസൈമിയും നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (എൻസിഎം) ഡയറക്ടർ ജനറലും വേൾഡ് മെറ്റീരിയോളജിക്കൽ ഓർഗനൈസേഷൻ (ഡബ്ല്യുഎംഒ) പ്രസിഡന്റുമായ ഡോ. അബ്ദുള്ള അഹമ്മദ് അൽ മാന്ദൂസ് എന്നിവരാണ് ധാരണാപത്രത്തിൽ ഒപ്പുവെച്ചത്.
കൃത്യമായ കാലാവസ്ഥാ, ഭൂകമ്പ വിവരങ്ങൾ നൽകുന്നതിൽ എൻസിഎമ്മിന്റെ പങ്ക് ശക്തിപ്പെടുത്തുന്നതിൽ തന്ത്രപരമായ നാഴികക്കല്ലാണ് ധാരണാപത്രം അടയാളപ്പെടുത്തുന്നതെന്ന് അൽ മാന്ദൂസ് അഭിപ്രായപ്പെട്ടു. തന്ത്രപരമായ സഹകരണം, സുരക്ഷിതമായ ഒരു കമ്മ്യൂണിറ്റി പരിതസ്ഥിതി പ്രോത്സാഹിപ്പിക്കൽ, ജീവനും സ്വത്തിനും സംരക്ഷണം നൽകൽ, ബന്ധപ്പെട്ട അധികാരികൾക്ക് നേരത്തെയും കൃത്യവുമായ മുന്നറിയിപ്പുകൾ നൽകൽ എന്നിവയ്ക്ക് എൻസിഎമ്മിനെ പ്രാപ്തമാക്കുമെന്ന് അൽ മാന്ദൂസ് ചൂണ്ടിക്കാട്ടി.