ദുബായ്: യുഎഇയിൽ മൂടൽ മഞ്ഞിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇന്ന് താപനിലയിൽ നേരിയ വർദ്ധനവുണ്ടാകുമെന്നും നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി അറിയിച്ചു. ഇന്ന് പൊതുവെ തെളിഞ്ഞ കാലാവസ്ഥയായിരിക്കുമെന്നും എന്നാൽ ചില സമയങ്ങളിൽ ആകാശം ഭാഗികമായി മേഘാവൃതമായിരിക്കുമെന്നും കാലാവസ്ഥാ വിദഗ്ധർ വ്യക്തമാക്കി.
രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ മൂടൽമഞ്ഞിന് സാധ്യതയുള്ളതിനാൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മഞ്ഞ അലേർട്ടും പുറപ്പെടുവിച്ചിരുന്നു. നേരിയതോ മിതമായതോ ആയ കാറ്റ് ഉണ്ടാകും. അറേബ്യൻ ഗൾഫിലും ഒമാൻ കടലിലും കടൽ നേരിയ തോതിൽ തിരമാലകൾ ഉണ്ടാകുമെന്നും കാലാവസ്ഥാ വിദഗ്ധർ പ്രവചിച്ചു. അബുദാബിയിൽ കൂടിയ താപനില 27 ഡിഗ്രി സെൽഷ്യസും കുറഞ്ഞത് 18 ഡിഗ്രി സെൽഷ്യസും ആയിരിക്കും. ദുബായിലും ഷാർജയിലും കൂടിയ താപനില 28°C ഉം കുറഞ്ഞത് 17°C ഉം ആയിരിക്കും.