കാമുകിയെ കൊ ലപ്പെടുത്തി തുണിയിൽ കെട്ടി രക്ഷപ്പെട്ട ഘാനയിൽ നിന്നുള്ള പ്രതിയെ 24 മണിക്കൂറിനുള്ളിൽ ദുബായ് പോലീസ് പിടിയിലാക്കി.
2024 ജൂലൈയിലാണ് സംഭവം നടന്നത്. ഒരു റെസിഡൻഷ്യൽ കെട്ടിടത്തിലെ അഗ്നിശമന ഉപകരണങ്ങൾ പരിശോധിക്കുന്നതിനിടെ ഒരു അപ്പാർട്ട്മെന്റിൽ നിന്ന് ദുർഗന്ധം വരുന്നതായി ഫയർ സേഫ്റ്റി ഇൻസ്പെക്ടർമാർ കണ്ടെത്തുകയും, ദുർഗന്ധം കേടായ ഭക്ഷണത്തിന്റേതാണെന്ന് കരുതി അവർ ഫ്ലാറ്റിലേക്ക് കയറിയപ്പോൾ കറുത്ത തുണിയിൽ പൊതിഞ്ഞ ഒരു സ്ത്രീയുടെ അഴുകിയ ശരീരം കണ്ടെത്തുകയുമായിരുന്നു.
ഉടൻ തന്നെ ഫയർ സേഫ്റ്റി ഇൻസ്പെക്ടർമാർ പോലീസ് ഓപ്പറേഷൻസ് റൂമിൽ വിവരമറിയിച്ചു. ക്രൈം സീൻ ഇൻവെസ്റ്റിഗേഷൻ യൂണിറ്റിൽ നിന്നുള്ള ഒരു സംഘവും, പട്രോളിംഗ് ഓഫീസർമാരും, ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിറ്റക്ടീവുകളും, ഫോറൻസിക് വിദഗ്ധരും സംഭവസ്ഥലത്തെത്തി
തെളിവുകൾ ശേഖരിച്ച് അന്വേഷണം നടത്തിയ ശേഷം, 24 മണിക്കൂറിനുള്ളിൽ പ്രതിയെ തിരിച്ചറിയാൻ അന്വേഷണ ഉദ്യോഗസ്ഥർക്ക് കഴിഞ്ഞു. പ്രതിയും കാമുകിയും ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ള മറ്റ് വാടകക്കാരും ചേർന്ന് ഒരു ഫ്ലാറ്റിൽ താമസിച്ചിരുന്നതായി കണ്ടെത്തി.
ഇരുവരും മദ്യപിക്കുന്നതിനിടയിൽ കാമുകി കൂടുതൽ മദ്യം ആവശ്യപ്പെടുകയും മറ്റൊരു കുപ്പി വാങ്ങാൻ തന്റെ പക്കൽ പണമില്ലെന്ന് പറഞ്ഞപ്പോൾ ഇരുവരും തമ്മിൽ ചൂടേറിയ തർക്കമുണ്ടായി, അതിനിടയിൽ കാമുകി അയാളെ ആക്രമിക്കാൻ ശ്രമിച്ചു. മറുപടിയായി, ഒരു ഭാരമുള്ള കല്ല് എടുത്ത് കാമുകിയുടെ തലയിൽ അടിച്ചതായി പ്രതി പറഞ്ഞു . രക്തം വാർന്ന് കാമുകി സംഭവസ്ഥലത്ത് തന്നെ മരിച്ചു. പിന്നീട് കാമുകിയെ ഒരു കറുത്ത തുണിയിൽ പൊതിഞ്ഞ് പ്രതി കടന്നുകളയുകയായിരുന്നു.