വാഹനാപകടമുണ്ടാക്കുകയും സംഭവസ്ഥലത്ത് നിന്ന് ഓടിപ്പോകുകയും ചെയ്യുന്ന ഏതൊരു ഡ്രൈവർക്കും ഗുരുതരമായ പ്രത്യാഘാതങ്ങളും കർശനമായ ശിക്ഷകളും ഉണ്ടാകുമെന്ന് യുഎഇയിലുടനീളമുള്ള പോലീസ് വകുപ്പുകളുമായി ചേർന്ന് ആഭ്യന്തര മന്ത്രാലയം ഇപ്പോൾ വീണ്ടും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 50,000 ദിർഹം മുതൽ 100,000 ദിർഹം വരെ പിഴയും, അല്ലെങ്കിൽ ഡ്രൈവർമാർക്ക് ഒരു വർഷം തടവ് ശിക്ഷ ലഭിക്കുമെന്നാണ് നിയമം വ്യവസ്ഥ ചെയ്യുന്നത്.
വാഹനാപകടമുണ്ടാക്കി ഡ്രൈവർ ഒരു ഒഴികഴിവുമില്ലാതെ സംഭവസ്ഥലത്ത് നിർത്താൻ പരാജയപ്പെടുക, അപകടത്തിന്റെ സാഹചര്യങ്ങൾ നിർണ്ണയിക്കുന്നതിനോ അല്ലെങ്കിൽ ഉത്തരവാദിത്തപ്പെട്ട വ്യക്തിയെ തിരിച്ചറിയുന്നതിനോ സഹായിക്കുന്ന വിവരങ്ങൾ നൽകുന്നതിൽ പരാജയപ്പെടുക, രക്ഷപ്പെടുന്ന വഴി പോലീസ് നിർത്താൻ നിർദ്ദേശിക്കുമ്പോൾ അതിവേഗത്തിൽ പോകുക, ട്രാഫിക് എൻഫോഴ്‌സ്‌മെന്റ്, സൈനിക അല്ലെങ്കിൽ സുരക്ഷാ വാഹനങ്ങളിൽ മനഃപൂർവ്വം ഇടിക്കുക തുടങ്ങിയ കുറ്റകൃത്യങ്ങൾക്കെല്ലാം ഒരു ലക്ഷം ദിർഹം വരെ പിഴയോ, തടവ് ശിക്ഷയോ ലഭിച്ചേക്കാം.
2025 ന്റെ തുടക്കം മുതൽ പ്രാബല്യത്തിൽ വരുന്ന പുതിയ ഫെഡറൽ ട്രാഫിക് ആൻഡ് റോഡ് സുരക്ഷാ നിയമം അനുസരിച്ച് അപകടമുണ്ടായി മൂന്ന് മണിക്കൂറിനുള്ളിൽ, ഔദ്യോഗികമായി അംഗീകരിച്ച ഏതെങ്കിലും രീതി ഉപയോഗിച്ച്, പോലീസിനെയോ ട്രാഫിക് കൺട്രോൾ ബോഡി അംഗീകരിച്ച ഒരു അതോറിറ്റിയെയോ സംഭവം റിപ്പോർട്ട് ചെയ്യണമെന്നും നിർദ്ദേശമുണ്ട്.
ഗുരുതരമായ പരിക്കുകളോ മരണങ്ങളോ ഉൾപ്പെടുന്ന കേസുകളിൽ, കൃത്യസമയത്ത് റിപ്പോർട്ട് ചെയ്യുന്നത് ജീവൻ രക്ഷിക്കുകയും അപകടത്തിന്റെ ആഘാതം കുറയ്ക്കുകയും ചെയ്യുമെന്ന് അതോറിറ്റി പറഞ്ഞു.