ദുബായിലെ വ്യവസായ സമൂഹത്തിനും വാണിജ്യ സ്ഥാപനങ്ങൾക്കും വലിയ ആശ്വാസമേകി ഇറക്കുമതി ചുങ്കം (Customs Duties) അടയ്ക്കുന്നതിനുള്ള താൽക്കാലിക ഇളവ് കാലാവധി വീണ്ടും ദീർഘിപ്പിച്ച് ദുബായ് കസ്റ്റംസ്. യോഗ്യമായ കസ്റ്റംസ് ഡിക്ലറേഷനുകൾക്കുള്ള സസ്പെൻഷൻ കാലാവധി 60 ദിവസം കൂടി നീട്ടിയതോടെ ആകെ ഇളവ് ലഭിക്കുന്ന സമയം 180 ദിവസമായി (6 മാസം) ഉയർന്നു.
മുൻപ് 120 ദിവസമായിരുന്ന കസ്റ്റംസ് ഡ്യൂട്ടി സസ്പെൻഷൻ ഇളവ് കാലാവധിയാണ് ഇപ്പോൾ കൂടുതൽ ഇളവുകൾ നൽകി 60 ദിവസം കൂടി ദീർഘിപ്പിച്ച് 180 ദിവസമാക്കിയത്. രാജ്യത്തുനിന്ന് പുനർകയറ്റുമതി ചെയ്യാൻ (Re-export) ലക്ഷ്യമിട്ട് എത്തിക്കുന്ന ഉൽപ്പന്നങ്ങൾ, താൽക്കാലിക എൻട്രി (Temporary admission), വിവിധ തരത്തിലുള്ള ട്രാൻസിറ്റ് ഇറക്കുമതികൾ എന്നിവയ്ക്കാണ് ഈ ആനുകൂല്യം ലഭിക്കുക.
2026 ഫെബ്രുവരി 27-നും 2026 ഒക്ടോബർ 31-നും ഇടയിൽ പ്രാബല്യം അവസാനിക്കുന്ന അർഹതയുള്ള കസ്റ്റംസ് ഡ്യൂട്ടി സസ്പെൻഷനുകൾക്ക് ഈ ഉത്തരവ് ബാധകമാണ്.
ആഗോള വാണിജ്യ വെല്ലുവിളികൾ നിലനിൽക്കുന്ന സാഹചര്യത്തിൽ വിതരണ ശൃംഖലകളുടെ (Supply chains) തടസ്സമില്ലാത്ത പ്രവർത്തനം ഉറപ്പാക്കാനും സ്ഥാപനങ്ങളുടെ സാമ്പത്തിക-ഭരണപരമായ ഭാരം കുറയ്ക്കാനുമാണ് ദുബായ് കസ്റ്റംസിന്റെ ഈ തീരുമാനം.
മുൻപ് ജൂൺ 18-ന് പുറപ്പെടുവിച്ച ‘കസ്റ്റംസ് അനൗൺസ്മെന്റ് 12/2026’ പ്രകാരം കാലാവധി 120 ദിവസമാക്കി ഉയർത്തിയിരുന്നു. ആവശ്യമെങ്കിൽ വരും ദിവസങ്ങളിലും നിയമാനുസൃതമായി കാലാവധി നീട്ടിനൽകുന്നത് പരിഗണിക്കുമെന്ന് ദുബായ് കസ്റ്റംസ് അറിയിച്ചു.






