യുഎ ഇ സന്ദർശനത്തിന്റെ അവസാന ദിവസമായ ഇന്ന് രാവിലെ 11ന് രാഹുൽ ഗാന്ധി ഷാർജ ഭരണാധികാരി ഹിസ് ഹൈനെസ് ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി യുമായി കൂടിക്കാഴ്ച നടത്തും. ഷാർജ റൂളേഴ്‌സ് കോർട്ടിൽ വച്ചായിരിക്കും കൂടിക്കാഴ്ച. സാം പിട്രോഡയും ഒപ്പമുണ്ടാകും. സാംസ്‌കാരിക നഗരമായ ഷാർജയിൽ രാഹുൽ ഗാന്ധിക്ക് ഭരണാധികാരിയുമായി സംസാരിക്കാൻ അവസരം ലഭിക്കുമ്പോൾ ഉഭയ കക്ഷി ബന്ധങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള പല വിഷയങ്ങളും ചർച്ചയിൽ കടന്നുവരും. പതിനായിരക്കണക്കിന് ഇന്ത്യൻ കുടുംബങ്ങൾ താമസിക്കുന്ന എമിരേറ്റ് ആണ് ഷാർജ എന്നത് കൊണ്ടു തന്നെ ഈ കൂടിക്കാഴ്ച പ്രാധാന്യം അർഹിക്കുന്നു. കല, സംസ്കാരം, ബന്ധങ്ങൾ എന്നിവ പ്രോത്സാഹിപ്പിക്കുകയും രാഷ്ട്രങ്ങൾ തമ്മിലുള്ള വ്യാപാര വാണിജ്യ ഇടപാടുകൾ ശക്തിപ്പെടുത്തുകയും ചെയ്യുന്ന ഭരണാധികാരിയാണ് ഷെയ്ഖ് സുൽത്താൻ.