ഫെബ്രുവരി മൂന്നിന് യു.എ.ഇ.യിലെത്തുന്ന ഫ്രാൻസിസ് മാർപ്പാപ്പയ്ക്ക് യു.എ.ഇ.യുടെ ടോളറൻസ് വകുപ്പ് മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ സ്വാഗതം നേർന്നു. മാർപ്പാപ്പ യ്ക്ക് അയച്ച തന്റെ സ്വകാര്യവീഡിയോ സന്ദേശം മന്ത്രി തന്നെയാണ് സമൂഹമാദ്ധ്യമങ്ങളിലൂടെ പങ്കുവച്ചത്.
ലോകാരാധ്യനായ മാർപ്പാപ്പയുടെ സന്ദർശനം യു.എ.ഇ.യ്ക്കുള്ള അംഗീകാരമാണെന്ന് ഷെയ്ഖ് നഹ്യാൻ തന്റെ സന്ദേശത്തിൽ പറഞ്ഞു. സഹിഷ്ണുതയേക്കുറിച്ചുള്ള അവബോധം സൃഷ്ടിക്കാൻ രാജ്യം കൈക്കൊള്ളുന്ന നടപടികളേക്കുറിച്ചും, എങ്ങനെയാണ് രാജ്യം സഹിഷ്ണുതയെ പുല്കുന്ന നിലയിലേക്ക് വളർന്നതെന്നും അദ്ദേഹം വിവരിച്ചു.
“സഹിഷ്ണുതയുടെ പരമമായ മൂല്യം തിരിച്ചറിഞ്ഞ ഒരു രാജ്യത്തേക്കാണ് പോപ്പ് ഫ്രാൻസിസ് സന്ദർശനത്തിനെത്തുന്നത്. ഞങ്ങൾ എമിറേറ്റ്സ് പൗരാവലി ഈ ലോകത്തേത്തന്നെ ഞങ്ങളുടെ രാജ്യത്തേക്ക് സ്വാഗതം ചെയ്യുകയാണ്” അദ്ദേഹം തന്റെ സന്ദേശത്തിൽ പറഞ്ഞു.
യു.എ.ഇ.യും വത്തിക്കാനും തമ്മിലുള്ള സാദൃശ്യങ്ങളും അദ്ദേഹം സന്ദേശത്തിൽ സൂചിപ്പിച്ചു. “രണ്ട് രാജ്യങ്ങളും വൈവിധ്യത്തെ സ്വീകരിച്ചവരാണ്. ലോകത്തെ വിവിധജനവിഭാഗങ്ങളുടെ ക്രിയാത്‌മകതയെ അംഗീകരിച്ചവരാണ് ഇരുരാജ്യങ്ങളും.”
ഫെബ്രുവരി മൂന്ന് മുതൽ അഞ്ച് വരെ നീണ്ടുനിൽക്കുന്ന മാർപ്പാപ്പയുടെ സന്ദർശനപരിപാടിയിൽ അബുദാബിയിലെ ഷെയ്ഖ് സായിദ് മോസ്‌ക് സന്ദർശനവും സായിദ് സ്പോർട്സ് സിറ്റിയിലെ സമൂഹകുർബ്ബാനയും ഉൾപ്പെടുന്നു.
റിപ്പോർട്ട് : പ്രശാന്ത് ബാലചന്ദ്രൻ