Search
Close this search box.

അംബരചുംബിയാകാൻ ബുർജ് ജുമെയ്‌റ ഉയരുന്നു

ദുബായിൽ പുതിയതായി ഉയരുന്ന ഡൗൺ ടൌൺ ജുമെയ്‌റയുടെ തിലകക്കുറിയായാണ് കെട്ടിടസമുച്ചയങ്ങളുടെ മദ്ധ്യത്തിലായി 550 മീറ്റർ ഉയരത്തിൽ ബുർജ് ജുമെയ്‌റ തലയുയർത്തുന്നത്. 2023-ൽ ഒന്നാം ഘട്ടം പൂർത്തിയാകുന്ന പദ്ധതിയുടെ നിർമ്മാണോത്ഘാടനം യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്‌തൂം നിർവ്വഹിച്ചു.

മദീനത് ജുമെയ്‌റ, ദുബായ് ഇന്റർനെറ്റ് സിറ്റി, ദുബായ് നോളെജ് വില്ലേജ് തുടങ്ങിയവ സ്‌ഥിതി ചെയ്യുന്ന അൽ സുഫൗഹ് ഡിസ്ട്രിക്ടിലാണ് പുതിയ പദ്ധതി വരുന്നത്.

പദ്ധതിയുടെ പ്രഖ്യാപനവേളയിൽ, പുതിയതായി ഉയരുന്ന ഡൗൺ ടൌൺ ജുമെയ്‌റയും ബുർജ് ജുമെയ്‌റ ടവറും ഭാവിയുടെ നഗരമാകാനുള്ള ദുബായിയുടെ സവിശേഷമായ ദിശാബോധത്തിന്റെ തുടർച്ചയാണെന്ന് ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്‌തൂം പറഞ്ഞു.

ദുബായ് ഇന്റർനാഷണൽ മറൈൻ ക്ലബ് ചെയർമാൻ ഷെയ്ഖ് മൻസൂർ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, ദുബായ് ഹോൾഡിംഗ് ചെയർമാൻ അബ്ദുള്ള അൽ ഹബ്ബായ് എന്നിവരും ദുബായ് ഭരണാധികാരിയുടെ ഒപ്പം ഡൗൺ ടൗൺ ജുമൈറയുടെയും ബുർജ് ജുമെയ്‌റ ടവറിന്റെയും രൂപരേഖകൾ അവലോകനം ചെയ്യുകയും
ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്‌തൂം അദ്ദേഹത്തിന്റെ വിരലടയാളം രൂപരേഖകളിൽ പതിപ്പിക്കുകയും ചെയ്തു.

രാജ്യത്തെ മരുഭൂമികളിലെ കാറ്റിൽ സൃഷ്ടിക്കപ്പെടുന്ന ഏകരൂപമുള്ള മണൽ അലകളുമായും മരുപ്പച്ചകളുമായും സാദൃശ്യമുള്ളതാണ് ബുർജ് ജുമെയ്‌റ ടവറിന്റെ രൂപകൽപ്പന.ടവറിന്റെ അടിഭാഗം ഷെയ്ഖ് മുഹമ്മദിന്റെ വിരലടയാളത്തിന്റെ ആകൃതിയിലാണ് നിർമ്മിക്കപ്പെടുക.

ഡൗൺ ടൌൺ ജുമെയ്‌റയിൽ അന്താരാഷ്ട്രനിലവാരത്തിലുള്ള താമസസൗകര്യങ്ങളും ബിസിനസ് ടവറുകളും ഹോട്ടലുകളും ഉണ്ടായിരിക്കും. ബുർജ് ജുമെയ്‌റയിലേക്ക് തൊട്ടടുത്ത ഷറഫ് ഡി.ജി. മെട്രോ സ്റ്റേഷനിൽ നിന്ന് പ്രത്യേകപാതയുണ്ടായിരിക്കും. തൊട്ടരികെയുള്ള ബുർജ് അൽ അറബിലേക്കും പുതിയ ടൗൺഷിപ്പിൽ നിന്ന് പാതയുണ്ടായിരിക്കും.

റിപ്പോർട്ട്‌ : പ്രശാന്ത് ബാലചന്ദ്രൻ

Image credit: investindxb.com

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts