കേരളത്തിൽ കൂടുതല്‍ നിയന്ത്രണങ്ങള്‍, സ്കൂളുകള്‍ ഭാഗികമായി അടയ്ക്കാന്‍ തീരുമാനം. കൊവിഡ് രോഗബാധിതരുടെ എണ്ണം കുതിച്ചുകയറവേ ആണ് നിയന്ത്രണങ്ങളുടെ ഭാഗമായി ഒന്ന് മുതല്‍ ഒമ്പതാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസുകള്‍ മതിയെന്ന് തീരുമാനിച്ചത്. ഈ മാസം 21 മുതലാണ് സ്കൂളുകള്‍ അടച്ചിട്ട് ഓണ്‍ലൈന്‍ ക്ലാസുകള്‍ നടത്തുക.
രാത്രി കര്‍ഫ്യൂവോ, ഞായറാഴ്ച നിയന്ത്രണമോ ഇപ്പോഴുണ്ടാകില്ല. സ്ഥിതിഗതികള്‍ അടുത്ത രണ്ടാഴ്ച നിരീക്ഷിക്കും. അതിന് ശേഷമാകും കൂടുതല്‍ നിയന്ത്രണങ്ങള്‍ വേണോ എന്ന കാര്യത്തില്‍ അന്തിമതീരുമാനമെടുക്കുക.
പത്ത്, പതിനൊന്ന്, പന്ത്രണ്ട് ക്ലാസുകള്‍ ഓഫ് ലൈനായി തന്നെ തുടരും. മാര്‍ച്ച് അവസാനം നിശ്ചയിച്ച വാര്‍ഷിക പരീക്ഷകള്‍ മാറ്റാനിടയില്ല. അത്തരത്തില്‍ നിര്‍ണായകമായ പരീക്ഷകള്‍ മാറ്റേണ്ട സാഹചര്യം ഒഴിവാക്കാനാണ് വിദ്യാഭ്യാസവകുപ്പ് ശ്രമിക്കുന്നത്.