യുഎഇയിൽ അനധികൃത വഴിയോരക്കച്ചവടക്കാരിൽ നിന്ന് വിലകുറഞ്ഞ ലഘുഭക്ഷണങ്ങൾ വാങ്ങരുതെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. ഷാർജ, അജ്മാൻ, ഫുജൈറ മുനിസിപ്പാലിറ്റികൾ അനധികൃത തെരുവ് ഭക്ഷണ കച്ചവടക്കാർക്കെതിരെ ശക്തമായ നടപടി ആരംഭിച്ചിട്ടുണ്ട്.
വിശുദ്ധ റംസാൻ മാസത്തിൽ ഇത്തരം പ്രവർത്തനങ്ങൾ വെച്ചുപൊറുപ്പിക്കില്ലെന്ന് ഷാർജ മുനിസിപ്പാലിറ്റി അറിയിച്ചു. സാധാരണ റമദാനിൽ നടക്കുന്ന ഇത്തരം പ്രവർത്തനങ്ങൾക്കെതിരെ കർശന നടപടി ആരംഭിച്ചതായി ഷാർജ മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ ഉബൈദ് സഈദ് അൽ തുനൈജി പറഞ്ഞു.
തൊഴിലാളികളുടെ താമസസ്ഥലത്തിന് സമീപമാണ് ഈ അനധികൃത വഴിയോരക്കച്ചവടക്കാർ കൂടുതലും കച്ചവടം നടത്തുന്നതെന്നും റെസ്റ്റോറന്റുകളെ അപേക്ഷിച്ച് ലഘുഭക്ഷണത്തിന് വില വാങ്ങുന്നത് വളരെ കുറവാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇവരിൽ ഭൂരിഭാഗവും ലഘുഭക്ഷണം ഉണ്ടാക്കാൻ കാലവധി കഴിഞ്ഞ ചേരുവകൾ ഉപയോഗിക്കുന്നു, ഇത് പലപ്പോഴും ഭക്ഷ്യവിഷബാധയുണ്ടാക്കുന്നു.
ഇതിനെ ചെറുക്കാൻ മുനിസിപ്പാലിറ്റി ആവശ്യമായ പദ്ധതികൾ തയ്യാറാക്കിയിട്ടുണ്ടെന്നും ഭക്ഷണം തയ്യാറാക്കുന്നതിനും വിളമ്പുന്നതിനുള്ള സൗകര്യങ്ങൾ പരിശോധിക്കുന്നതിനും ബന്ധപ്പെട്ട എല്ലാ വകുപ്പുകളെയും ടീമുകളെയും തയ്യാറാക്കിയിട്ടുണ്ടെന്നും അൽ തുനൈജി പറഞ്ഞു.
സ്ഥാപനങ്ങൾക്ക് അവരുടെ പരിസരത്തിന് പുറത്ത് ഭക്ഷ്യവസ്തുക്കൾ പ്രദർശിപ്പിക്കുന്നതിന് ഇപ്പോൾ ലൈസൻസ് നേടാം. മൊബൈൽ വെണ്ടർമാരെ മാത്രമല്ല, റമദാനിൽ മുനിസിപ്പാലിറ്റിയിൽ നിന്ന് ലൈസൻസ് എടുക്കാതെ പ്രവർത്തിക്കുന്ന ചെറിയ ഭക്ഷണശാലകളെയും ഇൻസ്പെക്ടർമാർ ലക്ഷ്യമിടുന്നു,” അദ്ദേഹം കൂട്ടിച്ചേർത്തു.