പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കിയുമായി കൂടിക്കാഴ്ച നടത്തിയ യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിനും സ്റ്റേറ്റ് സെക്രട്ടറിയും ആന്റണി ബ്ലിങ്കനും യുക്രെയ്നിനും മധ്യ–കിഴക്കൻ യൂറോപ്പിലെ 15 രാജ്യങ്ങൾക്കുമായി 71 കോടി ഡോളറിന്റെ സൈനിക സഹായം കൂടി പ്രഖ്യാപിച്ചു. ഇതിൽ 33 കോടി ഡോളർ യുക്രെയ്നിനു മാത്രമാണ്.
ആകെ 370 കോടി ഡോളറിന്റെ സൈനിക സഹായമാണ് യുഎസിൽനിന്ന് യുക്രെയ്നിന് ഇതുവരെ ലഭിച്ചത്. റഷ്യ ആക്രമണം ആരംഭിച്ചപ്പോൾ നിർത്തിവച്ച യുഎസ് എംബസിയുടെ പ്രവർത്തനം അടുത്തയാഴ്ച പുനരാരംഭിക്കും. ലിവിവിൽ ആയിരിക്കും ഉദ്യോഗസ്ഥർ പ്രവർത്തിക്കുക.
സൈനിക സഹായവും പിന്തുണയുമുണ്ടെങ്കിൽ യുക്രെയ്നിന് ഇനിയും യുദ്ധം ജയിക്കാവുന്നതേയുള്ളൂ എന്ന് ഓസ്റ്റിൻ പറഞ്ഞു. പാഠം പഠിച്ച് ഇനിയെങ്കിലും റഷ്യ മറ്റൊരു രാജ്യം ആക്രമിക്കാതിരിക്കട്ടെയെന്നും പ്രതീക്ഷ പ്രകടിപ്പിച്ചു.
ഇനിയൊരു അധിനിവേശത്തിനു മുതിരാൻ സാധിക്കാത്ത തരത്തിൽ റഷ്യ ദുർബലരായി മാറുന്നതു കാണാനാണ് യുഎസ് ആഗ്രഹിക്കുന്നതെന്നു പ്രതിരോധ സെക്രട്ടറി പറഞ്ഞതും ശ്രദ്ധേയമായി.