‘തത്കാൽ’ സേവനത്തിന് കീഴിൽ അടിയന്തര പാസ്പോർട്ട് പുതുക്കലിന് ദുബായിലെ ഇന്ത്യൻ പ്രവാസികൾക്ക് ഇനി എല്ലാ ദിവസവും അപേക്ഷിക്കാനാകുമെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
പാസ്പോർട്ട് പുതുക്കുന്നതിനുള്ള വലിയ തിരക്ക് നേരിടാൻ ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് നടത്തിയ പ്രത്യേക വാക്ക്-ഇൻ ക്യാമ്പുകളെ തുടർന്നാണ് നടപടി. കഴിഞ്ഞ മാസം രണ്ട് ഞായറാഴ്ചകളിലായി നടന്ന പ്രത്യേക ക്യാമ്പുകളിൽ രണ്ടായിരത്തോളം പാസ്പോർട്ട് അപേക്ഷകൾ പരിശോധിച്ചു.
, പാസ്പോർട്ട് അപേക്ഷകൾക്കുള്ള ഔട്ട്സോഴ്സ് സേവന ദാതാവ് ബിഎൽഎസ് ഇന്റർനാഷണലുമായുള്ള അപ്പോയിന്റ്മെന്റ് ഉറപ്പാക്കുന്നതിലെ കാലതാമസത്തെക്കുറിച്ച് കമ്മ്യൂണിറ്റി അംഗങ്ങൾ ആശങ്ക പ്രകടിപ്പിച്ചതിനെ തുടർന്നാണ് എല്ലാ തത്കാൽ അപേക്ഷകൾക്കും വാക്ക്-ഇൻ സേവനം അനുവദിക്കാനുള്ള തീരുമാനമെടുത്തതെന്ന് അംബാസഡർ പറഞ്ഞു.
‘തത്കാൽ’ അപേക്ഷകൾക്കായുള്ള വാക്ക്-ഇൻ സേവനം BLS-ൽ എല്ലാ പ്രവർത്തന ദിവസങ്ങളിലും ലഭ്യമാകുമെന്ന് അംബാസഡർ പറഞ്ഞു. ഇത് ദുബായിലെ കേന്ദ്രങ്ങളിൽ ആരംഭിക്കുകയും മറ്റ് എമിറേറ്റുകളിലും വ്യാപിപ്പിക്കുകയും ചെയ്യും.
അടിയന്തിര യാത്രാ ആവശ്യകതകൾ, പ്രത്യേകിച്ച് മെഡിക്കൽ അത്യാഹിതങ്ങൾ അല്ലെങ്കിൽ കുടുംബത്തിലെ മരണം എന്നീ കാരണങ്ങൾക്ക് ‘തത്കാൽ’ പരിഗണിക്കും. മുതിർന്ന പൗരന്മാരുടെയും നവജാതശിശുക്കളുടെയും പാസ്പോർട്ട് അപേക്ഷകൾ സാധാരണ സാഹചര്യങ്ങളിൽ പോലും പ്രോസസ്സ് ചെയ്യുന്നതിന് അപ്പോയിന്റ്മെന്റ് ആവശ്യമില്ല.