കേരളത്തിന്റെ പ്രളയാനന്തര പുനർനിർമ്മാണത്തിനായി 1 കോടി രൂപ (542,643) സംഭാവന ചെയ്ത് ദുബായിയിലെ ക്രിസ്ത്യൻ ദേവാലയം. പള്ളിയുടെ ഗോൾഡൻ ജൂബിലി ആഘോഷങ്ങൾ വെട്ടിച്ചുരുക്കിയാണ് ദുബായ് സെന്റ്. തോമസ് ഓർത്തഡോക്സ് കത്തീഡ്രൽ തുക കേരളത്തിനായി നൽകുന്നത്. ഇതിന്റെ ഭാഗമായി വെള്ളിയാഴ്ച നടക്കുന്ന അമ്പതാം വാർഷികത്തിൽ വലിയ ആഘോഷപരിപാടികൾ ഒഴിവാക്കി.
കഴിഞ്ഞ ആഗസ്റ്റിൽ കേരളത്തെ നടുക്കിയ പ്രളയത്തിൽ ഇപ്പോഴും ദുരിതം അനുഭവിക്കുന്നവരെ സഹായിക്കുന്നതിനായി വിശ്വാസികൾ അകമിഴിഞ്ഞ് സഹായിച്ചു. രണ്ട് ലക്ഷം രൂപയാണ് പള്ളി അധികൃതർ സംഭാവനയായി നൽകിയത്. ആകെ ഒരുകോടി രൂപ തങ്ങൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സ്വരൂപിച്ചതായി പള്ളി വികാരി ഫാദർ നൈനാൻ ഫിലിപ്പ് പനക്കമറ്റം അറിയിച്ചു.
ഇയർ ഓഫ് സായിദ് ആചരണത്തിന്റെ ഭാഗമായി തങ്ങൾ രക്തദാന കാമ്പും അടുത്ത ആഴ്ച കാൻസർ രോഗികൾക്ക് വേണ്ടി മുടി ദാനവും നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യൻ ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ ബസീലോസ് മാർത്തോമാ പൗലോസ് ദ്വിതീയന്റെ സാന്നിധ്യത്തിലാവും വെള്ളിയാഴ്ച സഭയുടെ അമ്പതാം വാർഷികം ആചരിക്കുക. ദുബായിൽ എത്തിയ അദ്ദേഹം ഒരു ലേബർ കാമ്പിൽ സാധാരണ തൊഴിലാളികൾക്കൊപ്പമാണ് ഈ വർഷത്തെ ക്രിസ്മസ് ആഘോഷിച്ചത്. ചടങ്ങിൽ ദുബായ് പോലീസ് കമാണ്ടർ ഇൻ ചീഫ് അബ്ദുല്ല ഖലീഫ അൽ മെറി വിശിഷ്ടാഥിതിയാവും. കൂടാതെ സിനിമാതാരങ്ങളും പാർലമെന്റ് അംഗങ്ങളുമായ ഇന്നസെന്റ്, സുരേഷ്‌ഗോപി എന്നിവരും ഈ ശുഭവേളയിൽ പങ്കാളികളാകുമെന്നും ഫാദർ അറിയിച്ചു.
ദുബായ് ഔദ് മെഹ്ത്തയിൽ ഉള്ള കത്തീഡ്രൽ യു എ ഇയിലെ ഏറ്റവും വലിയ ഓർത്തഡോക്സ് ദോലയമാണ്. 1958 ൽ വെറും 4 കുടുംബങ്ങളുമായി ആരംഭിച്ച സഭയിൽ ഇന്ന് 3000 കുടുംബങ്ങൾ ഉണ്ട്.