യുഎഇയുടെ വിദേശ വ്യാപാരം 2022ൽ റെക്കോർഡ് 17 ശതമാനം വർധിച്ച് 2.2 ട്രില്യൺ ദിർഹത്തിന്റെ പുതിയ റെക്കോർഡിലെത്തി. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നേതൃത്വത്തിൽ തിങ്കളാഴ്ച നടന്ന യുഎഇ മന്ത്രിസഭാ യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്.
രാജ്യത്തിന്റെ വിദേശ വ്യാപാരം ത്വരിതഗതിയിലാണെന്നും അന്താരാഷ്ട്ര സാമ്പത്തിക ബന്ധങ്ങൾ വളരുകയാണെന്നും ഷെയ്ഖ് മുഹമ്മദ് ട്വിറ്ററിൽ കുറിച്ചു. “യുഎഇയിൽ നിക്ഷേപം, ടൂറിസം, റിയൽ എസ്റ്റേറ്റ് എന്നിവയുടെ ആവശ്യം അഭൂതപൂർവമാണ്. സംരംഭകർക്ക് മികച്ച അന്തരീക്ഷം സർക്കാർ നൽകുന്നത് തുടരും,” അദ്ദേഹം ട്വീറ്റ് ചെയ്തു.




