ആഫ്രിക്കയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ താൻസാനിയയിലെ കിളിമഞ്ചാരോ എമറാത്തി പെൺകുട്ടി കീഴടക്കി. 13കാരിയായ അയ ഫഖീഹ് ആണ് കിളിമഞ്ചാരോ കൊടുമുടി കീഴടക്കി റെക്കോഡിട്ടത്. അയ ഫഖീഹ് കൊടുമുടി കീഴടക്കിയ ഏറ്റവും പ്രായം കുറഞ്ഞ എമിറാത്തിയാണ്. നേരത്തെ സൈഫ് എന്ന 14കാരന്‍റെ പേരിലായിരുന്നു കൊടുമുടി കീഴടക്കിയ റെക്കോർഡ്. സൈഫിന്റെ ബന്ധു കൂടിയാണ് അയ.
‘റൂം ടു റീഡ്’ എന്ന വിദ്യഭ്യാസ സംവിധാനത്തെ കുറിച്ചുള്ള ബോധവൽകരണം കൂടി ലക്ഷ്യമിട്ടാണ് അയ ഈ സാഹസിക യാത്ര നടത്തിയത്. യുഎഇയിൽ നിന്ന് പുറപ്പെട്ട അധ്യാപകരായ സ്ത്രീകളുടെ കൂട്ടത്തിലാണ് അയയും യാത്ര തിരിച്ചത്. പരിചയ സമ്പന്നയായ ഒരു ഗൈഡും ഇവരുടെ ഒപ്പമുണ്ടായിരുന്നു. പലരും ദൗത്യം പൂർത്തീകരിക്കാൻ കഴിയുമോ എന്ന് സംശയം പ്രകടിപ്പിച്ചിരുന്നു. കൂടാതെ സഹോദരിയുടെയും മാതാവിന്റെയും പിന്തുണ ഉണ്ടായിരുന്നതായും അയ പറഞ്ഞു. ജീവിതത്തിൽ നിർവഹിച്ച ഏറ്റവും കഠിനമായ പ്രവൃത്തിയായിരുന്നു കൊടുമുടി കയറ്റമെന്ന് അയ പറഞ്ഞു.