ലോകത്തെ ഏറ്റവും സമ്പന്നരുടെ റാങ്കിങ്ങുമായി ഈ വർഷത്തെ ഫോബ്‌സ് ആഗോള പട്ടിക പുറത്ത്. 2,640 സമ്പന്നരെ ഉൾപ്പെടുത്തിക്കൊണ്ടുള്ള പട്ടികയിൽ ഒന്നാമത് 211 ബില്യൺ ഡോളർ ആസ്തിയുമായി ലൂയി വിറ്റൻ, സെഫോറ ഫാഷൻ ആഡംബര ബ്രാൻഡുകളുടെ ഉടമ ബെർണാഡ് അർനോൾഡ്. ടെസ്‌ല, സ്‌പേസ് എക്സ്, സഹസ്ഥാപകനായ ഇലോൺ മസ്‌ക് (180 ബില്യൺ), ആമസോൺ സ്ഥാപകൻ ജെഫ് ബെസോസ് (114 ബില്യൺ) എന്നിവരാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ.
ലോകത്തെ ഏറ്റവും വലിയ കോടീശ്വരന്മാരുടെ പട്ടികയിൽ ആകെ 9 മലയാളികളാണുള്ളത്. അതിൽ 5.3 ബില്യൺ ഡോളറുമായി (530 കോടി ഡോളർ) ഒന്നാമതായി ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിയാണുള്ളത്.
ഇൻഫോസിസ് സഹ സ്ഥാപകൻ ക്രിസ് ഗോപാലകൃഷ്ണൻ (3.2 ബില്യൺ), ആർപി ഗ്രൂപ്പ് സ്ഥാപകൻ രവി പിള്ള (3.2 ബില്യൺ), ജെംസ് എഡ്യൂക്കേഷൻ മേധാവി സണ്ണി വർക്കി (3 ബില്യൺ), ജോയ് ആലുക്കാസ് ഗ്രൂപ്പ് ഉടമ ജോയ് ആലുക്കാസ് (2.8 ബില്യൺ), ബുർജീൽ ഹോൾഡിങ്‌സ് സ്ഥാപകനും ചെയർമാനുമായ ഡോ. ഷംഷീർ വയലിൽ, ബൈജൂസ് സ്ഥാപകൻ ബൈജു രവീന്ദ്രൻ എന്നിവരാണ് സമ്പന്ന മലയാളികളിൽ മുൻനിരയിൽ.
2.2 ബില്യൺ സമ്പത്തുള്ള ഡോ. ഷംഷീറാണ് ഏറ്റവും സമ്പന്നനായ യുവ മലയാളി. 2.1 ബില്യൺ സമ്പത്തുമായി ബൈജു രവീന്ദ്രൻ രണ്ടാമതുണ്ട്. ഇൻഫോസിസ് സഹസ്ഥാപകൻ എസ്.ഡി ഷിബുലാൽ (1.8 ബില്യൺ), വി ഗാർഡ് ഗ്രൂപ്പ് സ്ഥാപകൻ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി (1 ബില്യൺ) എന്നിവരാണ് പട്ടികയിൽ ഇടം നേടിയ മറ്റു മലയാളികൾ.