കാലാവസ്ഥ വ്യതിയാനത്തെ ഫലപ്രദമായി ചെറുക്കാനുള്ള സമഗ്ര ചർച്ചകൾക്ക് വേദിയാകുന്ന ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥാ വ്യതിയാന ഉച്ചകോടിയുടെ കോൺഫറൻസ് ഓഫ് ദി പാർട്ടീസ് 28-ാം സെഷൻ (COP28) ഈ വർഷം 2023 നവംബർ 30 മുതൽ ഡിസംബർ 12 വരെ ദുബായ് എക്സ്പോ സിറ്റിയിൽ നടക്കും.
ലോക രാഷ്ട്രങ്ങളുടെ തലവൻമാർ, സർക്കാർ ഉദ്യോഗസ്ഥർ, നയതന്ത്ര പ്രതിനിധികൾ, കാലാവസ്ഥാ ഏജൻസികളുടെ പ്രതിനിധികൾ, സർക്കാരിതര, സന്നദ്ധ സംഘടനാ വക്താക്കൾ, വിദ്യാർത്ഥികൾ, യുവ കാലാവസ്ഥാ വക്താക്കൾ, ബിസിനസ് പ്രതിനിധികൾ, സ്വകാര്യ ഏജൻസികൾ തുടങ്ങി സമൂഹത്തിന്റെ വിവിധ മേഖലകളിൽ നിന്നുള്ളവർ ഉച്ചകോടിയിൽ പങ്കെടുക്കും. ഇരുന്നൂറോളം രാജ്യങ്ങളിൽ നിന്നുള്ള 70,000ത്തിലേറെ പ്രതിനിധികളാണ് ദുബായിൽ നടക്കുന്ന ആഗോള കാലാവസ്ഥ ഉച്ചകോടിയിൽ പങ്കെടുക്കുന്നത്.
COP28 ന് മുന്നോടിയായി ദുബായിലെ ചില ഹോട്ടലുകൾ ഇതിനകം തന്നെ ബുക്കുചെയ്തു കഴിഞ്ഞു. എക്സ്പോ സിറ്റിയുടെ അയൽപക്കത്തുള്ള തന്ത്രപ്രധാനമായ സ്ഥലങ്ങളിൽ സ്ഥിതി ചെയ്യുന്ന തങ്ങളുടെ മിക്ക പോർട്ട്ഫോളിയോകളിലും എളുപ്പത്തിൽ ആക്സസ്സ് ഉള്ളതിനാൽ ഒക്യുപെൻസി ലെവലുകൾ ഇവന്റ് സമയത്ത് ഏറ്റവും ഉയർന്ന നിലയിലാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. നവംബർ-ഡിസംബർ മാസങ്ങൾ എമിറേറ്റിലുടനീളം ഹോട്ടലുകളുടെ താമസം വർദ്ധിക്കുന്ന ഏറ്റവും ഉയർന്ന ടൂറിസ്റ്റ് സീസണാണ്. നല്ല കാലാവസ്ഥ ആസ്വദിക്കാൻ നിരവധി വിദേശ സന്ദർശകരും ഒഴുകിയെത്താറുണ്ട്.