ഇന്നലെ ചൊവ്വാഴ്ച രാവിലെ ഷാർജയിലെ ഒരു വില്ലയിലുണ്ടായയ വൻ തീപിടിത്തത്തിൽ കുടുംബനാഥനായ ഒരു എമിറാത്തി പൗരൻ മരണപ്പെട്ടതിന് പിന്നാലെ ഗുരുതരമായി പൊള്ളലേറ്ററ്റ് ചികിത്സയിലായിരുന്ന മകളും മരിച്ചുവെന്ന് അധികൃതർ ഇന്ന് ബുധനാഴ്ച്ച അറിയിച്ചു.
ഷാർജയിലെ അൽ സുയോഹ് (Al Suyoh) ഏരിയയിലെ വില്ലയിൽ ഇന്നലെ പുലർച്ചെയാണ് തീപിടിത്തമുണ്ടായത്. കുടുംബനാഥനായ 63 കാരന്റെ മരണം ഇന്നലെത്തന്നെ സ്ഥിരീകരിച്ചിരുന്നു. തീപിടിത്തത്തിൽ 12 വയസ്സുള്ള മകൾക്ക് ഗുരുതരമായി പൊള്ളലേറ്റതിനാൽ ചികിത്സയിലായിരുന്നു.
തീപിടിത്തത്തിൽ കുടുംബാംഗങ്ങളും വീട്ടുജോലിക്കാരും ഉൾപ്പെടെ ഒമ്പത് പേർ സുരക്ഷിതമായി രക്ഷപ്പെട്ടിരുന്നു. സംഭവത്തെക്കുറിച്ച് റിപ്പോർട്ട് ലഭിച്ചയുടൻ എമർജെൻസി സംഘവും ഫയർഫോഴ്‌സും ഉടൻ സംഭവസ്ഥലത്തെത്തി തീയണച്ചിരുന്നു. അഗ്നിശമന സേനാംഗങ്ങൾ തീ നിയന്ത്രണവിധേയമാക്കുകയും വീടിന്റെ മറ്റ് ഭാഗങ്ങളിലേക്ക് പടരുന്നത് തടയുകയും ചെയ്തു. തീപിടിത്തത്തിന്റെ കാരണം കണ്ടെത്താൻ അന്വേഷണം പുരോഗമിക്കുകയാണ്.