ഹമാസുമായുള്ള താത്കാലിക വെടിനിർത്തൽ കരാറിന് ഇസ്രയേൽ മന്ത്രിസഭയുടെ അംഗീകാരം. കരാർ പ്രകാരം ബന്ദികളുടെ മോചനത്തിനായി നാലുദിവസത്തേക്ക് വെടിനിർത്തലുണ്ടാവും. ഈ സമയത്തിനുള്ളിൽ 50 ബന്ദികളെ വിട്ടുകിട്ടുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
രാത്രി മുഴുവൻ നീണ്ടുനിന്ന ദീർഘമായ ചർച്ചകൾക്കൊടുവിലാണ് വെടിനിർത്തൽ തീരുമാനത്തിലേക്ക് ഇസ്രായേൽ എത്തിയത്. വെടിനിർത്തൽ കരാറിനോട് നെതന്യാഹു അനുകൂല നിലപാട് സ്വീകരിച്ചെന്നാണ് റിപ്പോർട്ട്. വെടിനിർത്തൽ കരാർ നിലവിലുണ്ടെങ്കിലും യുദ്ധം പൂർണമായി അവസാനിപ്പിക്കില്ലെന്ന് ഇസ്രായേൽ പ്രധാനമന്ത്രി പറഞ്ഞു. 46 ദിവസത്തെ പശ്ചിമേഷ്യൻ സംഘത്തിന് ശേഷമാണ് വെടിനിർത്തൽ കരാറുണ്ടായത്. 38 അംഗ മന്ത്രിസഭയിലെ മൂന്ന് മന്ത്രിമാർ വെടിനിർത്തൽ കരാറിനെ എതിർത്തുവെന്നാണ് റിപ്പോർട്ട്.
ഒക്ടോബർ ഏഴിന് നടന്ന ആക്രമണത്തിനിടെ ഇസ്രായേലിൽ നിന്ന് ഹമാസ് തട്ടിക്കൊണ്ട് പോയവരെ മോചിപ്പിക്കണമെന്നാണ് പ്രധാന നിർദേശങ്ങളിലൊന്ന്. ആദ്യ ഘട്ടത്തിൽ നാലുദിവസം കൊണ്ട് സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള 50 ബന്ദികളെ മോചിപ്പിക്കും. ബന്ദികളെ ഹമാസ് റെഡ് ക്രോസിലേക്ക് മാറ്റുകയും തുടർന്ന് അവരെ ഇസ്രായേൽ ഡിഫൻസ് ഫോഴ്സ് (ഐഡിഎഫ്) സൈനികർക്ക് കൈമാറുകയുമായിരിക്കും. ബന്ദികളെ പ്രാഥമിക വൈദ്യപരിശോധനയ്ക്ക് വിധേയരാക്കും. ഇതിന് ശേഷം മാത്രമാകും മറ്റ് നടപടികളിലേക്ക് കടക്കുക. ഇസ്രായേൽ പൗരന്മാരായ 150 ബന്ദികളാണ് ഹമാസിൻ്റെ പിടിയിലുള്ളത്. ഇവരിൽ 50 പേരെയാണ് ആദ്യഘത്തിൽ മോചിപ്പിക്കുക.
കരാർ അനുസരിച്ച് ജയിലുകളിൽ കഴിയുന്ന ഫലസ്തീൻ സ്ത്രീകളെയും കുട്ടികളെയും ഇസ്രായേലും മോചിപ്പിക്കും. വെസ്റ്റ് ബാങ്കിലും കിഴക്കൻ ജറുസലേമിലുമായുള്ളവരെയാണ് മോചിപ്പിക്കുകയെങ്കിലും എത്രപേരെ മോചിപ്പിക്കുമെന്ന് ഇസ്രായേൽ വെളിപ്പെടുത്തിയിട്ടില്ല.