ലോകത്തിലെ ഏറ്റവും കുറഞ്ഞ വൈദ്യുതി മുടക്കം രേഖപ്പെടുത്തുന്ന നഗരം ദുബായ് ആണെന്ന് കഴിഞ്ഞ ദിവസം പുറത്തുവിട്ട ഇലക്ട്രിസിറ്റി കസ്റ്റമർ മിനിറ്റ്സ് ലോസ്റ്റ് Customer Minutes Lost (CML) റിപ്പോർട്ട് വ്യക്തമാക്കുന്നു.
കഴിഞ്ഞ വർഷം 2023 ൽ ദുബായിലെ ഒരു ഉപഭോക്താവിന് വൈദ്യുതി ലഭിക്കാതിരുന്നത് ഒരു മിനിറ്റും ആറു സെക്കൻഡുമായിരുന്നെന്ന് ദുബായ് ഇലക് ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി (DEWA) അറിയിച്ചു.
2022ൽ ഉപഭോക്താവിന് വൈദ്യുതി മുടക്കം സംഭവിച്ചത് 1.19 മിനിറ്റായിരുന്നു. ഈ റെക്കോഡ് മറികടക്കാൻ അതോറിറ്റിക്ക് കഴിഞ്ഞു. യൂറോപ്യൻ യൂണിയനിലെ പ്രമുഖ യൂട്ടിലിറ്റി കമ്പനികൾ രേഖപ്പെടുത്തിയ 15 മിനിറ്റുമായി താരതമ്യപ്പെടുത്തുമ്പോൾ, പ്രതിവർഷം ശരാശരി വൈദ്യുതി ഉപഭോക്തൃ മിനിറ്റ് നഷ്ടം (CML) 1.06 ആണെന്ന് ദുബായ് ഇലക്ട്രിസിറ്റി & വാട്ടർ അതോറിറ്റി (DEWA) പറയുന്നു.
നിർമിത ബുദ്ധി, ബ്ലോക്‌ചെയ്ൻ, ഊർജസംഭരണം, ഇൻ്റർനെറ്റ് ഓഫ് തിങ്സ് എന്നിവ ഉൾപ്പെടെ ഏറ്റവും നൂ തനമായ സാങ്കേതികവിദ്യകൾ ഉപയോഗപ്പെടുത്തുന്നതിലൂടെയാണ് ഈ നേട്ടം സാധ്യമായതെന്ന് ദീവ സി.ഇ.ഒ സഈദ് മുഹമ്മദ് അൽ തായർ പറഞ്ഞു. 700 കോടി ദിർഹം നിക്ഷേപത്തിൽ സ്‌മാർട്ട് ഗ്രിഡ് നടപ്പാക്കിയതും ഈ നേട്ടത്തിന് പിന്തുണയേകി.
മാത്രമല്ല വൈദ്യുതി തകരാർ കണ്ടെത്തുന്നതിനും കണക്ഷനുകൾ വീണ്ടെടുക്കുന്നതിനും ഓട്ടോമേറ്റഡ് സിസ്റ്റം മുഴുവൻ സമയവും പ്രവർത്തിക്കുന്നുണ്ട്.