നാട്ടിൽ നിന്ന് കുവൈത്തിലേക്ക് വരാനിരുന്ന പ്രവാസിയുടെ ലഗേജിൽ ബീഫ് എന്ന വ്യാജേന കഞ്ചാവ് അയക്കാൻ ശ്രമിച്ച രണ്ട് പേരെ മലപ്പുറം വാഴക്കാട് പോലീസ് അറസ്റ്റ് ചെയ്തു.
നാട്ടിലെ അവധി കഴിഞ്ഞ് കുവൈത്തിലേക്ക് മടങ്ങിപ്പോകാനിരുന്ന മലപ്പുറം കൊണ്ടോട്ടി ഓമാനൂർ സ്വദേശി ഫൈസലിനോട് കുവൈത്തിലെ സുഹൃത്ത് ഹർഷത് വിളിച്ച് ബീഫ് കൊണ്ടുവരാൻ ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് ഹർഷത്തിന്റെ സുഹൃത്തുക്കളായ പള്ളിപ്പുറായ സ്വദേശി മുഹമ്മദ് ഷമീം, സഹായി ഫിനു ഫാസിൽ എന്നിവർ ഹർഷത്തിന്റെ വീട്ടിൽ നിന്നും ബീഫ് വാങ്ങുകയും പിന്നീട് ഇവർ ആ ബീഫിന്റ കുപ്പിയിൽ കഞ്ചാവ് തിരുകിക്കയറ്റി കുവൈത്തിലേക്ക് വരാനിരിക്കുന്ന ഫൈസലിനെ ഏൽപ്പിക്കുകയുമായിരുന്നു.
ഫൈസലിന് സംശയം തോന്നി പൊതികൾ തുറന്നുനോക്കിയപ്പോഴാണ് കഞ്ചാവാണെന്ന് കണ്ടെത്തിയത്. ഉടൻ തന്നെ ഫൈസൽ പോലീസിൽ വിവരമറിയിക്കുകയായിരുന്നു.
ഇത്തരത്തിലുള്ള സാഹചര്യത്തെ മുൻകൂട്ടിക്കണ്ട് പ്രവാസികൾ എപ്പോഴും ജാഗ്രത പാലിക്കണമെന്നും വിദേശത്തേക്ക് കൊണ്ടുപോകാനായി ഇത്തരത്തിൽ പാഴ്സലുകൾ തരുമ്പോൾ അത് തരുന്നവരുടെ സാന്നിദ്ധ്യത്തിൽ തന്നെ തുറന്ന് ഉറപ്പ് വരുത്തണമെന്നും പോലീസ് അറിയിച്ചു.