അബൂദബി: അബൂദബി ടൂറിസം രംഗത്ത് ഈ വർഷം ഡിസംബർ 31 വരെ വിനോദപരിപാടികളുടെ ടിക്കറ്റുകൾക്ക് ടൂറിസം നികുതി നൽകേണ്ടതില്ലെന്ന് അബൂദബി സാംസ്കാരിക വിനോദസഞ്ചാര വകുപ്പ് പ്രഖ്യാപിച്ചു. ഇത് ടൂറിസം രംഗത്ത് കൂടുതൽ ഉണർവിന് വഴിയൊരുക്കുമെന്നാണ് അധികൃതർ പ്രതീക്ഷിക്കുന്നത്.
ടിക്കറ്റ് തുകയുടെ 10 ശതമാനമാണ് ടൂറിസം ഫീസായി ഈടാക്കിയിരുന്നത്. പരിപാടികളുടെ സംഘാടകർക്കും ടൂറിസം വകുപ്പുമായി സഹകരിക്കുന്നവർക്കും നൽകിവരുന്ന പിന്തുണ തുടരുന്നതിനും ടൂറിസം മേഖലയുടെ വളർച്ചാവേഗത കൂട്ടുകയുമാണ് തീരുമാനത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് വകുപ്പിനു കീഴിലുള്ള ടൂറിസം ഡയറക്ടർ ജനറൽ സാലിഹ് മുഹമ്മദ് അൽ ഗാസിരി പറഞ്ഞു.
പരിപാടിയുടെ സംഘാടകർ അബൂദബി ഇവന്റ്സ് ലൈസൻസിങ് സംവിധാനത്തിലൂടെ ഇതിനുള്ള ലൈസൻസ് കരസ്ഥമാക്കിയിരിക്കണമെന്നും അധികൃതർ അറിയിച്ചു. പരിപാടിയിലൂടെ സ്വരൂപിച്ച വരുമാനം വ്യക്തമാക്കിയിരിക്കണം.
ഇതു തെളിയിക്കുന്ന സാമ്പത്തിക രേഖകളും സമർപ്പിക്കണം. ഓഡിറ്റർമാരുമായി സഹകരിച്ചോ അബൂദബി സാംസ്കാരിക വിനോദസഞ്ചാര വകുപ്പ് നിയോഗിച്ച വ്യക്തികളുമായി സഹകരിച്ചോ പ്രഖ്യാപിത വരുമാനത്തിന്റെ കൃത്യത ബോധ്യപ്പെടുത്തിയിരിക്കണം.
അബൂദബിയിലെ ഹോട്ടലുകൾക്കുള്ള മുനിസിപാലിറ്റി ഫീസും അധികൃതർ ഒഴിവാക്കി. ഇതിനുപുറമേ ഫാംഹൗസ് ഉടമകൾക്ക് ലൈസൻസ് കരസ്ഥമാക്കി ഇവ അവധിക്കാല വീടുകളായി പരിവർത്തനം അവസരമൊരുക്കുന്ന അവധിക്കാല വീട് നയവും അബൂദബിയിലുണ്ട്. ഭൂവുടമകൾക്ക് പാർപ്പിട കേന്ദ്ര ഉടമകൾക്കും നിരവധി ഹോളിഡേ ഹോമുകൾക്കായി ലൈസൻസ് നേടാവുന്നതാണെന്നും അധികൃതർ അറിയിച്ചു.